കൊല്ലം: കേരള കോൺഗ്രസ് ബി പിളർത്താൻ ആരും ശ്രമിക്കേണ്ടെന്ന് കെ.ബി. ഗണേഷ് കുമാർ എംഎൽഎ. പാർട്ടിക്ക് ശാഖയും ഓഫീസും ആരും പുതുതായി തുറന്നിട്ടില്ല. അപ്പകക്ഷ്ണം വീതം വെച്ചപ്പോൾ കിട്ടാതെ വന്നവർക്ക് വിട്ട് പോകാം. കേരള കോൺഗ്രസ് ഒരു കുടുംബ പാർട്ടിയല്ലെന്നും ഗണേഷ് അവകാശപ്പെട്ടു. കഴിഞ്ഞയാഴ്ച കൊച്ചിയിൽ യോഗം ചേർന്ന ഒരു വിഭാഗം കേരള കോൺഗ്രസ് ബി നേതാക്കൾ പാർട്ടി ചെയർമാനായി ഗണേഷിന്റെ സഹോദരി ഉഷ മോഹൻ ദാസിനെ തിരഞ്ഞെടുത്തിരുന്നു. ഈ നടപടിയോടാണ് ഗണേഷിന്റെ പരോക്ഷ പ്രചരണം. താൻ തന്നെയാണ് പാർട്ടി ചെയർമാനെന്നും പാർട്ടി പത്തനാപുരം നിയോജകമണ്ഡലം സമ്മേളനത്തിൽ ഗണേഷ് പറഞ്ഞു.
കെ ബി ഗണേഷ് കുമാറിനെ എതിർക്കുന്ന നേതാക്കൾ കൊച്ചിയിൽ യോഗം ചേർന്ന് കേരള കോൺഗ്രസ് ബിയുടെ പുതിയ ചെയർമാനായി ബാലകൃഷ്ണപിള്ളയുടെ മകളും ഗണേഷിൻ്റെ മൂത്തസഹോദരിയുമായ ഉഷ മോഹൻദാസിനെ തെരഞ്ഞെടുത്തിരുന്നു. ആർ.ബാലകൃഷ്ണപിള്ളയുടെ മരണാനന്തരം ഗണേഷ് കുമാർ പാർട്ടി ചെയർമാൻ ആയത് ആരുടെയും അറിവോടെയല്ല എന്നാണ് വിമത വിഭാഗത്തിൻറെ നിലപാട്.
ഗണേഷ് കുമാർ പാർലമെൻററി പാർട്ടി നേതാവായി തുടരുമെന്നും ഉഷ മോഹൻദാസ് പറഞ്ഞിരുന്നു. പാർട്ടിയുടെ ബോർഡ്, കോർപ്പറേഷൻ, പിഎസ്സി മെമ്പർ പദവികളുടെ നിയമനത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഇടതുമുന്നണിയെ സമീപിക്കുമെന്നും പുതിയ ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു. കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിലെ 84 പേരുടെ പിന്തുണ തനിക്കുണ്ടെന്നാണ് കൊച്ചിയിൽ ചേർന്ന വിമതയോഗത്തിൽ ഉഷ മോഹൻദാസ് അവകാശപ്പെട്ടത്.