തിരുവനന്തപുരം : ആയുര്‍വേദ ഡോക്ടേഴ്‌സിനെതിരായ നിലപാടിലുറച്ച് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. തന്റെ പേരെടുത്ത് പറഞ്ഞതുകൊണ്ടാണ് സംഘടനക്കാരുടെ പേര് താനും എടുത്ത് പറഞ്ഞ് വിമര്‍ശിച്ചത്. സംഘടനക്കാര്‍ക്കെതിരെ ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. എന്നാല്‍ ഇപ്പോള്‍ അതിന് മുതിരുന്നില്ല. പരാതിയില്ലെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തന്നെ പറഞ്ഞതാണ്. പിന്നെ സംഘടനയ്ക്ക് എന്താണ് പ്രശ്‌നമെന്ന് ചോദിച്ച എംഎല്‍എ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ സംഘടനാ നേതാക്കള്‍ ഇടപെടേണ്ടെന്നും വ്യക്തമാക്കി.
‘പുര കത്തുമ്പോള്‍ വാഴവെട്ടാമെന്ന് കരുതിയിറങ്ങിയ അലവലാതികളാണ് സംഘടനാ നേതാക്കള്‍’ എന്ന എംഎല്‍എയുടെ പരാമര്‍ശത്തിനെതിരെ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടന രംഗത്തെത്തിയിരുന്നു. കൊല്ലം, തലവൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ കെട്ടിട ഉദ്ഘാടന ചടങ്ങിലായിരുന്നു ഗണേഷ് കുമാര്‍ ഡോക്ടര്‍മാര്‍ക്കെതിരെ രംഗത്തെത്തിയത്. അതേസമയം ഒരു ജനപ്രതിനിധിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശമാണ് ഗണേഷ് കുമാറില്‍ നിന്ന് ഉണ്ടായതെന്ന് സംഘടനയും കുറ്റപ്പെടുത്തി. എംഎല്‍എയുടെ പ്രസ്താവനയില്‍ പ്രതിഷേധം രേഖപ്പെടുത്തി സംഘടനാ നേതാക്കള്‍ വാര്‍ത്താക്കുറിപ്പും പുറത്തിറക്കിയിരുന്നു.