തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റിനെ പ്രതിസന്ധിയിലാക്കുന്ന ഗതാഗത മന്ത്രി ഗണേഷ് കുമാറിന്റെ വിചിത്ര നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍. ഡ്രൈവിംഗ് ടെസ്റ്റ് 50 പേര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള തീരുമാനത്തിനെതിരെയാണ് പ്രതിഷധം. എണ്ണം പരിമിതപ്പെടുത്തിയാല്‍ പൂര്‍ണമായും ബഹിഷ്‌കരിക്കാനാണ് ആള്‍ കേരള ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്‌ക്രടേഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ തീരുമാനം.
86 ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളിലും പ്രതിഷേധം നടത്താനും ലേണേഴ്‌സ് ലൈസന്‍സ് ഫീ ഒരാഴ്ചത്തേക്ക് അടയ്‌ക്കേണ്ടെന്നുമാണ് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ തീരുമാനം. നിലവില്‍ തീയതി കിട്ടിയ എല്ലാവര്‍ക്കും ടെസ്റ്റ് നടത്തണമെന്നാണ് സംഘടനയുടെ ആവശ്യം.
ദിവസം 50 പേരുടെ ടെസ്റ്റ് നടത്തിയാല്‍ മതിയെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കെ ബി ഗണേഷ് കുമാര്‍ പറഞ്ഞത്. സാധാരണ 100 മുതല്‍ 180 പേര്‍ക്കാണ് ഒരു ദിവസം ടെസ്റ്റ്. ഇത് 50 ആയി ചുരുക്കുമ്പോള്‍ ആരെ ഒഴിവാക്കും, അതിന് എന്ത് മാനദണ്ഡം, ഒഴിവാക്കുന്നവര്‍ക്ക് പുതിയ തീയതി എങ്ങനെ നല്‍കുമെന്നുളള ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരമില്ല. മെയ് ഒന്ന് മുതല്‍ പുതിയ രീതിലുള്ള ഡ്രൈവിംഗ് ടെസ്റ്റ് നടത്തണമെന്നുള്ള ഉത്തരവ് നേരത്തെ പുറത്തിറങ്ങിയിരുന്നു. പുതിയ ട്രാക്കില്‍ പരീക്ഷ നടത്തേണ്ടത് 30 പേര്‍ക്ക് മാത്രമാണ്. ട്രാക്ക് നിര്‍മ്മിക്കാനുള്ള ചെവല് ആര് വഹിക്കും, ടെസ്റ്റ് 30 ആയി ചുരുക്കുമ്പോള്‍ ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ എന്നിവയില്‍ തീരുമാനമാകാതിരിക്കുമ്പോഴാണ് മറ്റൊരു വിചിത്ര നിര്‍ദ്ദേശം.