കെജിഎഫ് സിനിമ റിലീസ് ചെയ്ത് നാളുകൾ ഏറെയായെങ്കിലും ഇപ്പോഴും സിനിമ ഉണ്ടാക്കിയ തരംഗം അവസാനിച്ചിട്ടില്ല എന്നതിന് നിരവധി തെളിവുകൾ ആണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഒരാൾ റോക്കി ഭായ് ആകാൻ വേണ്ടി നാല് സെക്യൂരിറ്റി ജീവനക്കാരെ കൊന്ന വാർത്ത പുറത്തുവന്നത്. ഇപ്പോഴിതാ വീണ്ടും ഒരു വാർത്ത കൂടി പുറത്ത് വരുന്നു. റോക്കി ഭായിയോടുള്ള സ്നേഹം മൂത്ത് ഗണേശ വിഗ്രഹത്തെ തന്നെ റോക്കി ഭായിയുടെ സ്റ്റൈലിലേക്ക് മാറ്റിയിരിക്കുകയാണ്.
സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിനാണ് ഇത് വഴി തുറന്നിരിക്കുന്നത്. സിനിമയിലെ റോക്കി ഭായിയെ പോലെ തന്നെ വേഷം ധരിപ്പിച്ച് കയ്യിൽ തോക്കുമായി നിൽക്കുന്ന ഗണേശ വിഗ്രഹമാണ് നിർമ്മിച്ചിരിക്കുന്നത്. പക്ഷേ, സിനിമയിലെ റോക്കി ഭായിയെ എല്ലാവർക്കും ഇഷ്ടമാണെങ്കിലും ദൈവത്തെ റോക്കി ഭായി ആക്കിയതിൽ ആർക്കും അത്ര സന്തോഷം പോരാ. ഈ പ്രവൃത്തിയെ ദൈവത്തോടുള്ള അവഹേളനമായാണ് സോഷ്യൽ മീഡിയ ഉപഭോക്താക്കളിൽ ഭൂരിഭാഗവും വിശേഷിപ്പിച്ചത്.
ഇത് അനാദരവ് ആണെന്നും ഇത്തരമൊരു പ്രവൃത്തി ചെയ്യാൻ പാടില്ലായിരുന്നു എന്നുമാണ് തങ്ങളുടെ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് പലരും സോഷ്യൽ മീഡിയയിൽ കുറിച്ചത്. ചിത്രത്തിൽ റോക്കി ഭായി വെള്ള പിൻസ്ട്രിപ്പുള്ള സ്യൂട്ട് ധരിച്ച് ഭാരമേറിയ മെഷീൻ ഗണ്ണുകൊണ്ട് ഒരു പൊലീസ് സ്റ്റേഷൻ വെടിയുതിർത്ത് നശിപ്പിക്കുന്ന രംഗം ഉണ്ട്. ആ ജനപ്രിയ രംഗത്തിന് സമാനമായാണ് വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. വിഗ്രഹത്തിന്റെ അടിയിൽ KGF 2 എന്ന് എഴുതിയിട്ടുണ്ട്.
ഗണേശ വിഗ്രഹത്തിന്റെ റോക്കി ഭായി പരിവേഷം ആരുടെ ഭാവനയിൽ പിറന്നതാണ് എന്ന കാര്യം വ്യക്തമല്ല. സോഷ്യൽ മീഡിയയിൽ ഈ ചിത്രം വ്യാപകമായി പ്രചരിച്ചതോടെയാണ് വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴി വച്ചത്. തെന്നിന്ത്യൻ സിനിമകൾ വൻ വിജയമാകുമ്പോൾ അല്ലു അർജുന്റെയും മറ്റും ചിത്രങ്ങൾ ഇത്തരത്തിൽ പ്രത്യക്ഷപ്പെടാറുണ്ട്. അത് വലിയ തരംഗവും ആകാറുണ്ട്. എന്നാൽ, റോക്കി ഭായി ഗെറ്റപ്പ് അല്പം കടന്നുപോയി എന്നാണ് എല്ലാവരുടെയും അഭിപ്രായം.