ഇടുക്കി : ജില്ലയിലെ മിക്ക പ്രദേശങ്ങളും കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലാണ്. മൂന്നാര്‍, ഉപ്പുതറ, കാഞ്ചിയാര്‍ കോവില്‍മല, വാഗമണ്‍, മാങ്കുളം, അടിമാലി, ചിന്നക്കനാല്‍, പീരുമേട് എന്നീ പ്രദേശങ്ങളിലെ കര്‍ഷകരും ടൂറിസം മേഖലയില്‍ പണം മുടക്കിയവരും നേരിടേണ്ടിവരുന്ന പ്രശ്നങ്ങള്‍ പ്രവചനാതീതമാണ്. എന്നാല്‍ പലരും ഇതിന്റെ ഗൌരവം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടിട്ടില്ല എന്നുവേണം കരുതുവാന്‍. ഇടുക്കി ജില്ലയിലെ ഓരോ പ്രദേശത്തെയും ജനങ്ങള്‍ അഭിമുഖീകരിക്കുന്നത് വ്യത്യസ്തങ്ങളായ വിഷയങ്ങളാണ്. ഉദ്യോഗസ്ഥ – രാഷ്ട്രീയ കൂട്ടുകെട്ട് ഏറ്റവും ഒടുവില്‍ ഉന്നംവെച്ച പീരുമേട്ടിലെ വിഷയം തികച്ചും വിഭിന്നമാണ്. യഥാര്‍ത്ഥത്തില്‍ ഇവിടെ കയ്യേറ്റം ഉണ്ടായിട്ടില്ല. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സര്‍ക്കാര്‍ ആഘോഷപൂര്‍വ്വം പട്ടയവും അനുബന്ധ രേഖകളും നല്‍കിയ വസ്തുക്കളാണ് ഇന്ന് കയ്യേറ്റഭൂമിയായി ചിത്രീകരിച്ചിരിക്കുന്നത്.
പട്ടയം ലഭിച്ച വസ്തു നാലും അഞ്ചും അതിലധികവും കൈമറിഞ്ഞാണ് ഇപ്പോള്‍ പലരുടെയും കൈവശം എത്തിയിരിക്കുന്നത്. ഈ കാലത്തിനിടയില്‍ ഈ പട്ടയ ഭൂമി പലര്‍ക്കായി വില്‍ക്കപ്പെടുകയും പല പ്രാവശ്യം ആധാരം രജിസ്റ്റര്‍ ചെയ്യപ്പെടുകയും കാലാകാലങ്ങളിലെ ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി സ്ഥലപരിശോധന നടത്തി ലൊക്കേഷന്‍ സ്കെച്ച് വരച്ചു നല്‍കുകയും പേരില്‍ കൂട്ടി കരം സ്വീകരിച്ച് രസീത് നല്‍കുകയും ചെയ്തിട്ടുള്ളതാണ്. കൂടാതെ കൈവശ സര്‍ട്ടിഫിക്കറ്റ്, ബാധ്യതാ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ എല്ലാ പ്രധാനപ്പെട്ട രേഖകളും നല്‍കിയത് റവന്യൂ ഉദ്യോഗസ്ഥരാണ്. തികച്ചും നിയമപരമായി വിലകൊടുത്തുവാങ്ങിയ ഈ ഭൂമികളാണ് ഇപ്പോള്‍ കയ്യേറ്റഭൂമിയായി ചിത്രീകരിച്ചിരിക്കുന്നത്.
പല വസ്തുക്കളുടെയും സര്‍വ്വേ നമ്പര്‍ പട്ടയ സര്‍ട്ടിഫിക്കറ്റില്‍ പോലും മാറിക്കിടക്കുകയാണെന്നാണ് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നല്‍കിയ ചില രേഖകളില്‍നിന്നും വ്യക്തമാകുന്നത്. അതുപോലെ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആധുനിക ഉപകരണങ്ങള്‍ ഒന്നുമില്ലാതിരുന്ന കാലത്ത് വരച്ച പട്ടയ സ്കെച്ചും ഇപ്പോള്‍ താരതമ്യം ചെയ്യുന്ന സ്കെച്ചും തമ്മില്‍ നേരീയ ചില വ്യത്യാസങ്ങള്‍ ഉണ്ടെന്നും പറയുന്നു. വില്ലേജിന്റെ പരിധിയില്‍പോലും മാറ്റമുണ്ടെന്നാണ് അറിയുന്നത്. പട്ടയം നല്‍കിയപ്പോഴും പട്ടയ സ്കെച്ച് തയ്യാറാക്കിയപ്പോഴും സര്‍വേ നമ്പര്‍ രേഖപ്പെടുത്തിയപ്പോഴും പതിറ്റാണ്ടുകളായി മാറിമാറി വന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച പാകപ്പിഴകളോ ബോധപൂര്‍വ്വം പ്രത്യേക ഉദ്ദേശ്യ ലക്ഷ്യങ്ങളോടെ വരുത്തിയ തെറ്റുകളോ ആണ് ഇപ്പോഴുള്ള സംശയങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും കാരണം. ഇതിനെ കയ്യേറ്റമായി ചിത്രീകരിക്കുന്നതിന്റെ പിന്നില്‍ ഗൂഡലക്ഷ്യങ്ങള്‍ ഉണ്ടെന്നു വ്യക്തമാണ്.
നിരോധനാജ്ഞക്ക് സമമാണ് പീരുമേട് വില്ലേജിലെയും മഞ്ചുമല വില്ലേജിലെയും പല സ്ഥലങ്ങളും. പ്രത്യേകിച്ച് പീരുമേട് വില്ലേജിലെ 534, മഞ്ചുമല വില്ലേജിലെ 441 എന്നീ സര്‍വ്വേ നമ്പരുകളില്‍ ഉള്‍പ്പെട്ട പ്രദേശം. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടങ്ങള്‍ക്ക് പല കാരണങ്ങള്‍ പറഞ്ഞ് കെട്ടിട നമ്പര്‍ നിഷേധിക്കുകയാണ്. കെട്ടിട നമ്പര്‍ നല്‍കേണ്ടത് ഗ്രാമപഞ്ചായത്ത് ആണെങ്കിലും നിലവിലുള്ള സാഹചര്യത്തില്‍ റവന്യൂ വകുപ്പില്‍ നിന്നുള്ള അനുമതി ലഭിച്ചെങ്കില്‍ മാത്രമേ ഗ്രാമപഞ്ചായത്ത് കെട്ടിട നമ്പര്‍ അനുവദിക്കൂ. വ്യക്തമായ കാരണങ്ങള്‍ ബോധിപ്പിക്കാതെ ബോധപൂര്‍വമായ ഒഴിഞ്ഞുമാറല്‍ നടത്തുകയാണ് റവന്യൂ ഉദ്യോഗസ്ഥരില്‍ പലരും.
ഇത് സംബന്ധിച്ച ഉത്തരവുകളോ തീരുമാനങ്ങളോ നിയമങ്ങളോ ഉണ്ടെങ്കില്‍ ഇക്കാര്യം അപേക്ഷകനെ രേഖാമൂലം അറിയിക്കുവാനും ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. അതുപോലെ ഇവിടെ ക്രയവിക്രയം ചെയ്യുന്ന ഭൂമി പേരില്‍ കൂട്ടി കരം അടക്കുന്നതിനും കഴിയുന്നില്ല. കെട്ടിട നിര്‍മ്മാണത്തിന് പുതിയ പെര്‍മിറ്റുകളും നിഷേധിക്കുകയാണ്. കൈവശം, ലൊക്കേഷന്‍ സ്കെച്ച് ഉള്‍പ്പെടെ വസ്തു സംബന്ധമായ ഒരു രേഖകളും അപേക്ഷകള്‍ക്ക് നല്‍കാതെ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തികച്ചും നിഷേധാല്മകമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
പീരുമേട് പരുന്തുംപാറ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഗൂഡസംഘത്തിന്റെ കാഴ്ചപ്പാടില്‍ എല്ലാം കയ്യേറ്റങ്ങളായി ചിത്രീകരിക്കുകയായിരുന്നു. റവന്യൂ വകുപ്പിലെ തലപ്പാവ് വെക്കാത്ത തൊടുപുഴ രാജാവിന് അടങ്ങാത്ത കലിയായിരുന്നു പീരുമേട്ടിലെ ടൂറിസം മേഖലയില്‍ പണം മുടക്കിയവരോട്. അയാളുടെ ഒന്നരരൂപാ പേനകൊണ്ട് എന്തൊക്കെയോ കുത്തിക്കുറിച്ചു, അത് എവിടെയൊക്കെയോ എത്തിച്ചു. ഇക്കാര്യങ്ങള്‍ സുഹൃത്തുക്കളായ പത്രക്കാരെക്കൊണ്ട് എഴുതിച്ച് തന്റെ ഇമേജ് കൂട്ടുവാനായിരുന്നു ഇയാള്‍ക്ക് വ്യഗ്രത








