തിരുവനന്തപുരം: ഇരുചക്രവാഹ നയാത്രികരും വഴിയാത്രക്കാരുമായ സ്ത്രീകളെ പിന്തുടർന്ന് ആഭരണങ്ങളും ബാഗും പിടിച്ചുപറിക്കുന്ന സംഘം പിടിയിൽ. ആലപ്പുഴ ചെന്നിത്തല തൃപ്പരംതുറ ചൂരവേലി ക്ഷേത്രത്തിന് സമീപം നന്ദുഭവനത്തിൽ പ്രവീൺ (40), മുട്ടത്തറ ശിവജി ലെയിനിൽ ടി സി 42/785 പുതുവൽ പത്തിൻവീട്ടിൽ വിഷ്ണു (28) എന്നിവരെയാണ് തമ്പാനൂർ പൊലീസ് പിടികൂടിയത്.
ഞായറാഴ്ച രാത്രി ആയുർവേദ കോളജ് ആശുപത്രി ജംഗ്ഷനിൽ ബൈക്കിൽ സഞ്ചരിച്ച ദമ്പതിമാരെ പിന്തുടർന്ന് ബാഗ് പിടിച്ചുപറിക്കാൻ ശ്രമിച്ച കേസിലാണ് ഇരുവരും അറസ്റ്റിലായിട്ടുള്ളത്. സ്ത്രീയുടെ ബാഗ് ഇരുവരും ചേർന്ന് പിടിച്ചുപറിക്കാൻ ശ്രമിച്ചെങ്കിലും പ്രതിരോധിച്ചതോടെ ഇവർ ബാഗ് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഏതാനും ദിവസം മുമ്പ് പഴവങ്ങാടിയിലും പരുത്തിക്കുഴിയിലും വഞ്ചിയൂരിലും ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചവരെ പിന്തുടർന്ന് ആഭരണങ്ങളും മൊബൈലും പിടിച്ചുപറിച്ചതും ഇവരാണെന്ന് പൊലീസ് പറയുന്നു.
മോഷണത്തിനായി ഉപയോഗിച്ച ബൈക്കുകളും വിവിധയിടങ്ങളിൽനിന്ന് തട്ടിയെടുത്തതാണ്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. ഡിസിപി വി അജിത്തിന്‍റെ നേതൃത്വത്തിൽ ഫോർട്ട് എ സി ഷാജി, തമ്പാനൂർ എസ്.എച്ച്.ഒ പ്രകാശ്, എസ്.ഐ രഞ്ജിത്ത്, എ.എസ്.ഐ മുരളീധരൻ, ഷാഡോ എസ്.ഐ ഉമേഷ്, സി.പി.ഒമാരായ സതീഷ്, സുനിൽ, അഖിലേഷ്. ഷിബു, ദീപുരാജ്, രാജീവ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
അതേസമയം, പകൽ നേരങ്ങളില്‍ ഭിക്ഷാടനവും രാത്രിയില്‍ തന്ത്രപരമായി മോഷണവും പതിവാക്കിയ 22-കാരൻ വയനാട്ടിൽ അറസ്റ്റിലായി. കര്‍ണാടക ബീച്ചനഹള്ളി ചിക്കബെല്ലപുര ടി.എന്‍ ഹരീഷ (22) എന്ന യുവാവാണ് മാനന്തവാടി പൊലീസിന്റെ പിടിയിലായത്. സുല്‍ത്താന്‍ ബത്തേരി പൊലീസിന്റെ കൂടി സഹായത്തോടെയായിരുന്നു പ്രതിയെ വലയിലാക്കിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് മാനന്തവാടി നഗരത്തിലെ സ്ഥാപനങ്ങളുടെ ഷട്ടറിന്റെ പൂട്ടുകള്‍ തകര്‍ത്തും വാതിലിന്റെ ചില്ലുതകര്‍ത്തും മോഷണം നടത്തിയത്.