പോർട്ട്ബ്ലെയർ: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ ആൻഡമാൻ നിക്കോബാർ മുൻ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരേയ്നെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് അറസ്റ്റ്. താൻ നിരപരാധിയാണെന്നും ഗൂഢാലോചനയുടെ ഇരയായതാണെന്നും അറസ്റ്റിന് പിന്നാലെ ജിതേന്ദ്ര നരേയ്ൻ അവകാശപ്പെട്ടു.
അറസ്റ്റിനു ശേഷം വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് താൻ ഇരയാക്കപ്പെട്ടതാണെന്ന് ജിതേന്ദ്ര നരേയ്ൻ മാധ്യമങ്ങളോട് പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം മൂന്നുതവണ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ജിതേന്ദ്ര നരേയ്നു പുറമേ മുൻ ലേബർ കമ്മീഷണർ ആർ എൽ റിഷിയും കേസിൽ പ്രതിയാണ്. 21കാരിയെ ജോലി നല്കാമെന്ന് പറഞ്ഞ് ജിതേന്ദ്ര നരേയ്ന്റെ ഔദ്യോഗികവസതിയിൽ വച്ച് രണ്ട് ദിവസങ്ങളിൽ ബലാത്സംഗം ചെയ്തെന്നാണ് പരാതി. സംഭവത്തിൽ കേസെടുത്തതിനെ തുടർന്ന് ഒക്ടോബർ 17ന് ജിതേന്ദ്രയെ സസ്പെൻഡ് ചെയ്തിരുന്നു. മുൻകൂർ ജാമ്യം തേടി ജിതേന്ദ്ര ആദ്യം സുപ്രീംകോടതിയെയാണ് സമീപിച്ചത്. കീഴ്ക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നിർദ്ദേശിക്കുകയായിരുന്നു.
പിതാവും രണ്ടാനമ്മയും തന്റെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാത്തതിനാൽ തനിക്ക് ജോലി ആവശ്യമായിരുന്നെന്നും ലേബർ കമ്മീഷണറെ ചിലർ പരിചയപ്പെടുത്തിയെന്നും യുവതി പരാതിയിൽ പറയുന്നു. ലേബർ കമ്മീഷണർക്ക് ചീഫ് സെക്രട്ടറിയുമായി അടുപ്പമാണെന്നും തന്നെ സഹായിക്കുമെന്നും പറഞ്ഞിരുന്നു. ദ്വീപുകളുടെ ഭരണത്തിലെ വിവിധ വകുപ്പുകളിൽ 7,800 ഉദ്യോഗാർത്ഥികളെ ചീഫ് സെക്രട്ടറി ശുപാർശയുടെ അടിസ്ഥാനത്തിൽ മാത്രം നിയമിച്ചെന്നും ഇത് ഔദ്യോഗിക അഭിമുഖം കൂടാതെയാണെന്നും യുവതി ആരോപിക്കുന്നു.
ജിതേന്ദ്ര നരേയ്ൻ ഇരുപതിലധികം സ്ത്രീകളെ പീഡിപ്പിച്ചതായി സാക്ഷി മൊഴിയുണ്ടായിരുന്നു. സർക്കാർ ജോലി വാഗ്ദാനം ചെയ്ത് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന യുവതിയുടെ പരാതിയിലെ അന്വേഷണത്തിലാണ് നേരത്തെ നടത്തിയ സമാന കൃത്യങ്ങളുടെ വിവരങ്ങൾ പുറത്തു വന്നത്. ജോലി വാഗ്ദാനം ചെയ്തുള്ള സെക്സ് റാക്കറ്റിലെ കണ്ണികളുമായി മുൻ ചീഫ് സെക്രട്ടറിക്ക് അടുത്ത ബന്ധമായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. പോർട്ട് ബ്ലെയറിലെ നരേയ്ന്റെ വീട്ടിൽ ഇരുപതിലധികം സ്ത്രീകളെ എത്തിച്ചതായി സാക്ഷികൾ പൊലീസിന് മൊഴി നൽകി. ഇവരിൽ പലർക്കും സർക്കാർ ജോലി കിട്ടിയെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച ഫോൺ സംഭാഷണങ്ങളും, പീഡിപ്പിക്കപ്പെട്ടവർ പലവട്ടം നരേയ്ന്റെ വീട്ടിൽ വന്നത് സ്ഥിരീകരിക്കുന്ന ടവർ ലൊക്കേഷൻ അടക്കമുള്ള തെളിവുകളും പൊലീസ് കണ്ടെത്തിയതായാണ് വിവരം.