ആലപ്പുഴ: മണ്ണഞ്ചേരി പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡിലെ അപ്പൂരുപ്രദേശത്തെ ആക്രിക്കട ഉടമയേയും അവിടെ ജോലി ചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളിയേയും ആക്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍. മണ്ണഞ്ചേരി പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ കുന്നേല്‍വെളിയില്‍ സനില്‍ (ഷാനി-35), മണ്ണഞ്ചേരി എ എന്‍ കോളനിയില്‍ അരുണ്‍ (കിച്ചു-28), മണ്ണഞ്ചേരി മണിമിലവെളി വീട്ടില്‍ നിജാസ് (26) എന്നിവരെയാണ് മണ്ണഞ്ചേരി പൊലീസ് ഇൻസ്പെക്ടർ ജെ നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ആപ്പൂരുവെളിയില്‍ ഷൗഹിദ് എന്നയാൾ നടത്തുന്ന ആക്രി കടയിൽ വിൽക്കാൻ കൊണ്ടു ചെന്ന മോട്ടോർ എടുക്കാത്തതിനെ തുടര്‍ന്ന് കട ഉടമയെ അസഭ്യം പറയുകയും അവിടെ ജോലി ചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളിയെ കത്തി കൊണ്ട് കുത്തിയതിനുശേഷം പ്രതികൾ കടന്ന് കളയുകയുമായിരുന്നു. പിന്നീട് പൊലീസ് 24 മണിക്കൂറിനകം പ്രതികളെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
പ്രതിയായ നിജാസ് ആലപ്പുഴ നോർത്ത്, ആലപ്പുഴ സൗത്ത്, മണ്ണഞ്ചേരി എന്നീ പോലീസ് സ്റ്റേഷനുകളിൽ മോഷണ കേസ്സുകൾ ഉൾപ്പെടെ ഏഴ് കേസ്സുകളിൽ പ്രതിയാണ്. മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിലെ ഒരു കൊലപാത കേസ് ഉൾപ്പെടെയുള്ള കേസ്സുകളിൽ പ്രതിയാണ് സനിൽ. പ്രതിയായ കിച്ചു എന്ന് വിളിക്കുന്ന അരുൺ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ 2021 ലെ ഒരു വധശ്രമ കേസ്സിന് ശേഷം ഒളിവിൽ പോയെങ്കിലും, മണ്ണഞ്ചേരി പൊലീസ് ഇയാളെ പിടികൂടിയിരുന്നു. നെടുമുടി പോലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്.