കല്‍പ്പറ്റ: രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കഞ്ചാവ് കടത്തിയെന്ന കേസില്‍ മധ്യവയസ്കനും യുവാക്കളും പിടിയിലായി. പുല്പള്ളി പൊലീസ് സ്റ്റേഷന് പരിധിയിലാണ് ആദ്യ സംഭവം. 830 ഗ്രാം കഞ്ചാവുമായി പടിഞ്ഞാറത്തറ വെള്ളച്ചാല്‍ പുത്തന്‍പുര വീട്ടില്‍ പി മമ്മൂട്ടി (45) യെയാണ് പൊലീസ് പിടികൂടിയത്. 18ന് രാത്രിയോടെ പുല്പള്ളി ടൗണില്‍ ആനപ്പാറ റോഡിലെ ജോസ് തിയേറ്ററിനു പരിസരത്തു വച്ചാണ് മമ്മൂട്ടി പിടിയിലാവുന്നത്. പൊലീസിനെ കണ്ട് പരിഭ്രമിച്ച ഇയാളെ ദേഹ പരിശോധന നടത്തിയതില്‍ അരയില്‍ കറുത്ത കവറില്‍ തിരുകി വച്ച നിലയില്‍ 830 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. പുല്പള്ളി സബ് ഇന്‍സ്പെക്ടര്‍ എച്ച്. ഷാജഹാന്, എ എസ് ഐ ഫിലിപ്പ്, സിവില്‍ പൊലീസ് ഓഫീസര്‍ സബിന്‍ ശശി എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
സുല്‍ത്താന്‍ബത്തേരി പൊലീസ് സ്റ്റേഷന് പരിധിയിലെ പരിശോധനക്കിടയിലാണ് കഞ്ചാവുമായി യുവാക്കള്‍ പിടിയിലായത്. 37.28 ഗ്രാം കഞ്ചാവ് ആണ് പരിശോധനയില്‍ കണ്ടെടുത്തത്. 18-ന് ഉച്ചയോടെ മുത്തങ്ങ പൊലീസ് ചെക് പോസ്റ്റില്‍ വാഹനപരിശോധനക്കിടെ പാലക്കാട് സ്വദേശികളായ മണ്ണാര്‍ക്കാട് അരിയൂര്‍ വെള്ളക്കാട്ടില്‍ വീട്ടില്‍ ബി. ഷനൂബ് (22), കരിമ്പുഴ കുണ്ടൂര്‍ക്കുന്ന് മുത്തുവട്ടത്തറ വീട്ടില്‍ എം. ഫസലുറഹ്മാന് (27) എന്നിവരെയാണ് ബത്തേരി പൊലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ സി എം സാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന കെ എല്‍ 10 എന്‍ 1506 നമ്പര്‍ കാറും കസ്റ്റിഡിയിലെടുത്തിട്ടുണ്ട്.