ദില്ലി: ഗാസിപ്പൂരിലെ മാലിന്യകൂമ്പാരത്തിൽ തീപിടിച്ചതോടെ ആശങ്കയിൽ ദില്ലി നഗരം. പുക ഉയരുന്നത് സമീപവാസികൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുകയാണ്. അതേസമയം സംഭവം രാഷ്ട്രീയ ആയുധമാക്കി പ്രയോഗിക്കുകയാണ് പ്രതിപക്ഷം. ദില്ലി സർക്കാരിന്റെ അഴിമതിയുടെ ഉദാഹരണമെന്ന് ബിജെപി ആരോപിക്കുന്നത്. തീ ഉടൻ അണയ്ക്കുമെന്നാണ് എഎപി സർക്കാരിന്റെ പ്രതികരണം.
മാലിന്യ കൂമ്പാരത്തിന് അടുത്തുള്ളവർക്കാണ് ഇപ്പോൾ പ്രശ്നമുള്ളത്. കുറച്ച് കഴിഞ്ഞാൽ ഇത് പടരുമെന്നതാണ് ആശങ്ക. ശ്വസിക്കാനുള്ള ബുദ്ധിമുട്ടും ചുമയും കണ്ണ് നീറുന്നതും അടക്കമുള്ള ബുദ്ധിമുട്ടുകളാണ് മേഖലയിലുള്ളവർ നേരിടുന്നത്. ഏപ്രിൽ 21ന് വൈകുന്നേരത്തോടെയാണ് മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചത്. മാലിന്യ കൂമ്പാരത്തിൽ നിന്ന് ബഹിർഗമിച്ച ഗ്യാസാണ് അഗ്നിബാധയ്ക്ക് കാരണമായതെന്നാണ് ദില്ലി അഗ്നി രക്ഷാ സേന വക്താവ് പ്രതികരിച്ചിട്ടുള്ളത്.
എല്ലാവരുടേയും ശ്രദ്ധ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണെന്നും മാലിന്യവും ശുചിത്വവുമൊന്നും ആരും പരിഗണിക്കുന്നില്ലെന്നാണ് മേഖലയിലെ താമസക്കാർ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. 1990 മുതൽ സമാനമായ പ്രശ്നങ്ങളാണ് ഈ പ്രദേശത്തുള്ളവർ നേരിടുന്നതെന്നാണ് പ്രതികരിക്കുന്നത്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തങ്ങളെ അവഗണിക്കുകയാണെന്നും ഇവർ ആരോപിക്കുന്നു.