നെടുങ്കണ്ടം: നെടുങ്കണ്ടം പൊലീസ് സ്റ്റേഷനു മുമ്പില്‍ കാടുപിടിച്ചു കിടന്ന സ്ഥലങ്ങളില്‍ ഇനി മനോഹരമായ പൂക്കള്‍ വിരിയും. നെടുങ്കണ്ടം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ എസ്.പി.സി കേഡറ്റുകളുടെ ക്രിസ്തുമസ് ക്യാമ്പിനോടനുബന്ധിച്ചാണ് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് പൂന്തോട്ടം ഒരുക്കിയത്.
സ്റ്റേഷന് മുമ്പില്‍ കാടുപിടിച്ചുകിടന്ന സ്ഥലം വൃത്തിയാക്കിയാണ് കേഡറ്റുകള്‍ പൂച്ചെടികളും മരത്തൈകളും നട്ടത്. ക്യാമ്പില്‍ പങ്കെടുക്കുന്ന 88 വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പൊലീസ് സ്റ്റേഷന്റെ മുമ്പില്‍ കാടുപിടിച്ചുകിടന്ന സ്ഥലം വൃത്തിയാക്കുകയും മരത്തൈകളും പൂച്ചെടികളും നട്ടുപിടിപ്പിക്കുകയുമായിരുന്നു. കാട് പിടിച്ചു കിടന്നിരുന്ന സ്ഥലം മനോഹരമായ പൂന്തോട്ടമായി മാറുന്നതുവരെ കൃത്യമായ ഇടവേളകളില്‍ എത്തി വെള്ളവും വളവും നല്‍കി ചെടികളെ പരിപാലിക്കാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. തുടര്‍ന്ന് ഇരിപ്പിടങ്ങള്‍ ക്രമീകരിച്ച് ഒരു മിനി പാര്‍ക്കിന്റെ മാതൃകയിലാക്കാനും ലക്ഷ്യമുണ്ട്.
സുസ്ഥിര വികസനം, സുരക്ഷിത ജീവിതം എന്ന ആപ്തവാക്യവുമായി നടത്തുന്ന ക്യാമ്പിന്റെ ഭാഗമായി പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ പുനരുപയോഗത്തിലൂടെ മലിനീകരണം കുറയ്ക്കുക എന്ന സന്ദേശം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് കുപ്പികളില്‍ മണ്ണ് നിറച്ച് വേലിയും ഒരുക്കിയിട്ടുണ്ട്. പൂന്തോട്ട നിര്‍മ്മാണത്തിന്റെ ഉദ്ഘാടനം നെടുങ്കണ്ടം എസ്.ഐ കെ.കെ അബ്ദുള്‍ റസാഖ് നിര്‍വ്വഹിച്ചു. സി.പി.ഒ സതീഷ് സി, ബെന്നി തോമസ്, പി.ടി.എ ഭാരവാഹികളായ കെ.കെ സജു, നൗഷാദ് ആലുംമൂട്ടില്‍, ലിജു സുരേന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.