ദില്ലി: വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ രാഷ്ട്രീയ ജനതാദൾ (ആർജെഡി) അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനിലയെക്കുറിച്ച് ബീഹാർ ഉപമുഖ്യമന്ത്രിയും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവിനോട് ചോദിച്ചറിഞ്ഞ് പ്രധാനമന്ത്രി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ ഉപമുഖ്യമന്ത്രി തേജസ്വി യാദവുമായി ഫോണിൽ സംസാരിക്കുകയും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം ആർജെഡി ദേശീയ അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനിലയെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തതായി ആർജെഡി പറയുന്നു.
വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ലാലു പ്രസാദ് യാദവ് സിംഗപ്പൂരിലെ ആശുപത്രിയിൽ തന്നെ തുടരുകയാണ്. മകൾ രോഹിണി ആചാര്യയാണ് ലാലു പ്രസാദ് യാദവിന് വൃക്ക നൽകിയത്. “എന്റെ പിതാവിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ശേഷം, അദ്ദേഹത്തെ ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് ഐസിയുവിലേക്ക് മാറ്റി. നിങ്ങളുടെ പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി,’ തേജസ്വി യാദവ് ട്വീറ്റ് ചെയ്തിരുന്നു. അതേസമയം, ആർജെഡി തലവന്റെ വൃക്ക മാറ്റിവയ്ക്കൽ വിജയകരമായത് “സന്തോഷകരമായ കാര്യമാണ്” എന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
ഏറെക്കാലമായി വൃക്കസംബന്ധമായ അസുഖങ്ങളാൽ വലയുകയാണ് ലാലു. ഒക്ടോബറിൽ സിംഗപ്പൂർ സന്ദർശനത്തിനിടെയാണ് ഡോക്ടർമാർ വൃക്ക മാറ്റിവയ്ക്കാൻ നിർദ്ദേശിച്ചത്. തുടർന്ന് ദാതാവിനെ അന്വേഷിക്കുന്നതിനിടെയാണ് മകൾ തന്നെ തന്റെ വൃക്കകളിലൊന്ന് പിതാവിന് നൽകാൻ സന്നദ്ധത അറിയിച്ചത്. മകളുടെ വൃക്ക സ്വീകരിക്കാൻ ആദ്യം ലാലു സമ്മതിച്ചില്ലെങ്കിലും കുടുംബാംഗങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങുകയായിരുന്നു.
സിംഗപ്പൂരിലാണ് ലാലുവിന്റെ രണ്ടാമത്തെ മകൾ രോഹിണി താമസിക്കുന്നത്. ചികിത്സ സിംഗപ്പൂരിലേക്ക് മാറ്റിയതും രോഹിണിയുടെ നിർബന്ധപ്രകാരമായിരുന്നു. വൃക്ക തകരാറിനെ തുടർന്ന് വർഷങ്ങളായി ദില്ലി എയിംസിൽ ചികിത്സയിലായിരുന്ന ലാലു പ്രസാദ് യാദവ്. വൃക്ക മാറ്റിവെക്കാൻ എയിംസിലെ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നില്ല. സിംഗപ്പൂരിലാണ് രോഹിണി താമസിക്കുന്നതെങ്കിലും ബിഹാർ രാഷ്ട്രീയത്തിൽ ഇടപെടാറുണ്ട്. സോഷ്യൽമീഡിയയിൽ വളരെ സജീവമാണ് അവർ.