ദോഹ : ഗസ്സയിലെ വെടിനിർത്തൽ വെള്ളിയാഴ്ച രാവിലെ ഏഴ് മണി മുതൽ പ്രാബല്ല്യത്തിൽ വരുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം. ഹമാസും ഇസ്രായേലും അംഗീകരിച്ച വെടിനിർത്തൽ കരാറിന്റെ അടിസ്ഥാനത്തിൽ നാലു ദിവസത്തെ താൽകാലിക യുദ്ധവിരാമത്തിനാണ് വെള്ളിയാഴ്ച രാവിലെ തുടക്കം കുറിക്കുന്നത്. ബുധനാഴ്ച പ്രഖ്യാപിച്ച കരാർ, അന്തിമ രൂപമായതിനു പിന്നാലെ, മധ്യസ്ഥ ചർച്ചകൾക്കു നേതൃത്വം നൽകിയ ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് മാജിദ് അൽ അൻസാരിയാണ് വാർത്താസമ്മേളനത്തിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്. കരാറിെൻറ അടിസ്ഥാനത്തിൽ ബന്ദികളുടെ കൈമാറ്റവും വെള്ളിയാഴ്ച തന്നെ ആരംഭിക്കും. ബന്ദികളിൽ നിന്നുള്ള ആദ്യ സംഘത്തെ വൈകുന്നേരം നാല് മണിയോടെ മോചിപ്പിക്കും. ഇവരുടെ പേരു വിവരങ്ങൾ ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറിയതായും ഖത്തർ അറിയിച്ചു.
ഖത്തറിന്റെ നേതൃത്വത്തിൽ ഈജ്പ്തും അമേരിക്കയുമായി സഹകരിച്ചാണ് 48 ദിവസം പിന്നിട്ട യുദ്ധത്തിനൊടുവിൽ വെടിനിർത്തലിനും ബന്ദികളുടെ മോചനത്തിനും വഴിയൊരുക്കിയത്.വ്യാഴാഴ്ച രാവിലെ മുതൽ ഗസ്സയിലുടനീളം കര, വ്യോമ മാർഗങ്ങളിലൂടെ താമസകേന്ദ്രങ്ങളും ആശുപത്രികളും ലക്ഷ്യമിട്ട് കനത്ത ആക്രമണമാണ് ഇസ്രായേൽ സേന നടത്തിയത്. ഹമാസിന്റെ സൈനികകേന്ദ്രവും ഭൂഗർഭ അറയും ആയുധസംഭരണ കേന്ദ്രങ്ങളും തകർക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നാണ് വിശദീകരണം. യുദ്ധം നിർത്താൻ ഉദ്ദേശ്യമില്ലെന്നും അന്തിമ വിജയം കൈവരിക്കുംവരെ മുന്നോട്ടുപോകുമെന്നും ഇസ്രായേലി സൈനിക മേധാവി ഹെർസി ഹാലവി പ്രഖ്യാപിക്കുകയും ചെയ്തു.