ഗാസ സിറ്റി: അഭയാർഥി ക്യാമ്പുകളടക്കം ലക്ഷ്യമിട്ട് ഗാസയിൽ അങ്ങോളമിങ്ങോളം വ്യാഴാഴ്ചയും ഇസ്രയേൽ ആക്രമണം. മധ്യ ഗാസയിലെ ബുറൈജ് അഭയാർഥി ക്യാമ്പിലേക്ക് രണ്ടുതവണ വ്യോമാക്രമണം ഉണ്ടായി. 44 പേർ കൊല്ലപ്പെട്ടു. ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ്. നിരവധിയാളുകൾക്ക് പരിക്കേറ്റു. 46,000 അഭയാർഥികളുള്ള ക്യാമ്പിലെ ഭവനസമുച്ചയങ്ങൾ തകർന്നു.ജബാലിയ അഭയാർഥി ക്യാമ്പിലേക്ക് തുടർച്ചയായ മൂന്നാംദിവസവും ആക്രമണമുണ്ടായി. ചൊവ്വ, ബുധൻ ദിവസങ്ങളിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 195 ആയി. 120 പേരെ കണ്ടെത്താനായിട്ടില്ല. 1.16 ലക്ഷംപേർ തങ്ങിയിരിക്കുന്ന ക്യാമ്പ് പൂർണമായും തകർക്കാനാണ് ഇസ്രയേൽ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുന്നതാണ് തുടർച്ചയായ ആക്രമണങ്ങൾ. ബുധനാഴ്ച നുസൈറത് ക്യാമ്പും ആക്രമിക്കപ്പെട്ടു. തെക്കുപടിഞ്ഞാറൻ മേഖലയിൽ അഭയാർഥികളുമായി പോയ വാഹനത്തിനുനേരെയും മിസൈൽ ആക്രമണം ഉണ്ടായി. തെക്കൻ ഗാസയിലെ ഖാൻ യൂനിസിലും വിവിധയിടങ്ങൾ ആക്രമിക്കപ്പെട്ടു.
മാധ്യമസ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിനുനേരെയുണ്ടായ ആക്രമണത്തിൽ നാല് മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റു. ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 35 മാധ്യമപ്രവർത്തകരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. മൂന്നാഴ്ചയിലേറെയായി ഇസ്രയേൽ തുടരുന്ന ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 9061 ആയി. ഇതിൽ 3700 കുട്ടികളുമുണ്ട്. വ്യാഴാഴ്ചമാത്രം 256 പേർ കൊല്ലപ്പെട്ടു. 1150 കുട്ടികൾ ഉൾപ്പെടെ 2600 പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടെന്ന് സംശയിക്കുന്നു. അതിനിടെ, വിദേശ പാസ്‌പോർട്ടുള്ള 7000 പേർക്ക് റാഫ അതിർത്തിവഴി പ്രവേശനം അനുവദിക്കുമെന്ന് ഈജിപ്ത് വ്യക്തമാക്കി. അറബ് രാജ്യങ്ങൾ സമാധാനശ്രമം ശക്തമാക്കിയിട്ടുണ്ട്.
ആക്രമണത്തിന് താൽക്കാലിക ശമനം ഉണ്ടാകണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആവശ്യപ്പെട്ടു. ഗാസയിലേക്ക് കൂടുതൽ സഹായം എത്തിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ആവശ്യപ്പെട്ടു. ഗാസ വംശഹത്യയിൽ ഐക്യരാഷ്ട്ര സംഘടനയ്ക്ക് ഉചിതമായി ഇടപെടാനായില്ലെന്ന് ആരോപിച്ച് യുഎൻ മനുഷ്യാവകാശ കമീഷണറുടെ ന്യൂയോർക്ക് ഓഫീസ് ഡയറക്ടർ ക്രെയ്‌ഗ് മൊഖിബെർ രാജിവച്ചു. വ്യാഴാഴ്ച 100 പേർ അതിർത്തി കടന്നതായാണ് റിപ്പോർട്ട്. ഗുരുതര പരിക്കേറ്റ 76 പലസ്തീൻകാരെയും ഈജിപ്തിൽ എത്തിച്ചു. ഗാസയിലുള്ള 400 അമേരിക്കക്കാരെ ഈജിപ്തിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.