ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസിലെ പ്രതിസന്ധി കാലത്ത് അശോക് ഗെഹ്ലോട്ട് സർക്കാരിനെ പിടിച്ചുനിർത്തിയത് താനാണെന്ന വാദം തള്ളി ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജ സിന്ധ്യ. ഗെഹ്ലോട്ട് നടത്തിയ പരാമർശം തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പറഞ്ഞ വസുന്ധര, അദ്ദേഹത്തെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.
2020 ജൂലൈയിൽ അന്ന് ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ 18 എംഎൽഎമാർ അശോക് ഗെഹ്ലോട്ടിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. ഒരുമാസം നീണ്ട പ്രതിസന്ധിക്ക് പരിഹാരമായത് വിഷയത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നേരിട്ട് ഇടപെട്ടതോടെയാണ്. തുടർന്ന് സച്ചിൻ പൈലറ്റിന് ഉപമുഖ്യമന്ത്രി സ്ഥാനവും സംസ്ഥാന കോൺഗ്രസ് അധ്യക്ഷ സ്ഥാനവും നഷ്‌പ്പെടുകയും ചെയ്തിരുന്നു. അന്ന് തന്റെ സർക്കാരിനെ താഴെവീഴാതെ പിടിച്ചുനിർത്താൻ സഹായിച്ചത് വസുന്ധര രാജ സിന്ധ്യയും മുൻ സ്പീക്കർ കൈലാഷ് മേഘ്വാളും എംഎൽഎ ശോഭാറാണി കുശ്വാഹയുമാണ് എന്നാണ് അശോക് ഗെഹ്ലോട്ട് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിനെതിരെയാണ് പിന്നാലെ വസുന്ധര രംഗത്തെത്തിയത്. കോൺഗ്രസ് എംഎൽഎമാർക്ക് പണം കൊടുത്ത് സർക്കാരിനെ താഴെയിറക്കാൻ അമിത് ഷാ ശ്രമിച്ചെന്നും ഗെഹ്ലോട്ട് ആരോപിച്ചിരുന്നു.
ഗെഹ്ലോട്ടിന്റേത് തന്നെ അപമാനിക്കാനുള്ള നീക്കമാണെന്നും ഗൂഢാലോചനയാണെന്നും വസുന്ധര പ്രതികരിച്ചു. അമിത് ഷാ എംഎൽഎമാർക്ക് പണം നൽകിയതിന് തെളിവുണ്ടെങ്കിൽ എഫ്ഐആർ ഫയൽ ചെയ്യാനും വസുന്ധര ഗെഹ്ലോട്ടിനെ വെല്ലുവിളിച്ചു. കേന്ദ്രമന്ത്രിമാരായ അമിത് ഷായും ഗജേന്ദ്ര സിംഗ് ശെഖാവത്തും ധർമേന്ദ്ര പ്രധാനും എന്റെ സർക്കാരിനെ താഴെയിടാൻ ശ്രമിച്ചു. അവർ രാജസ്ഥാനിൽ പണം വിതരണം ചെയ്തു. എന്നാൽ എംഎൽഎമാരിൽ നിന്ന് അവർ ആ പണം തിരിച്ചുവാങ്ങുന്നില്ല. അതെന്തുകൊണ്ടാണെന്ന് ഞാൻ അത്ഭുതപ്പെടുകയാണ്. പത്തു കോടിയായാലും 20 കോടിയായാലും വാങ്ങിയത് തിരിച്ചുകൊടുക്കണമെന്നാണ് ഞാൻ എംഎൽഎമാരോട് പറയുന്നത്. അതിലെന്തെങ്കിലും അവർ ചെലവാക്കിയിട്ടുണ്ടെങ്കിൽ ആ തുക ഞാൻ തരാം. അല്ലെങ്കിൽ എഐസിസിയോട് വാങ്ങിത്തരാം. അങ്ങനെയാണെങ്കിലേ ആ എംഎൽഎമാർക്ക് സമ്മർദ്ദമില്ലാതെ ജോലി ചെയ്യാനാവൂ. അശോക് ഗെഹ്ലോട്ട് പറഞ്ഞിരുന്നു.
വസുന്ധര രാജ സിന്ധ്യയുടെ തട്ടകമായ ധോൽപൂരിലാണ് ഗെഹ്ലോട്ട് ഇക്കാര്യം പറഞ്ഞത്. ഇരുതലമൂർച്ചയുള്ള വാൾ പുറത്തിറക്കുകയായിരുന്നു ഗെഹ്ലോട്ട് എന്ന് വ്യക്തം. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വസുന്ധര രാജ സിന്ധ്യക്കും ബിജെപിക്കും പ്രതിഛായ നഷ്ടം ഉണ്ടാക്കുക. അതേസമയയം തന്നെ സച്ചിൻ പൈലറ്റിനും അനുകൂലികൾക്കുമെതിരായും ജനവികാരം ഉണ്ടാക്കുക എന്നതായിരുന്നു ഗെഹ്ലോട്ടിന്റെ കണക്കുകൂട്ടൽ. ഗെഹ്ലോട്ടും വസുന്ധരയും രാഷ്ട്രീയ വൈരികളായിരിക്കുമ്പോഴും പരസ്പരം മൃദുസമീപനം സ്വീകരിക്കുന്നവരാണെന്ന മുൻ അഭ്യൂഹങ്ങളും തുണയ്ക്കുമെന്ന് ഗെഹ്ലോട്ട് കണക്കുകൂട്ടിയിട്ടുണ്ടാകും. അഴിമതി ആരോപണങ്ങളിൽ പരസ്പരം നിശബ്ദത പാലിക്കുന്നവരാണ് ഇരുവരും എന്ന് മുന്നേ തന്നെ ആരോപണം ഉയർന്നിട്ടുള്ളതാണ്. ഗെഹ്ലോട്ട്- സച്ചിൻ പോരിൽ വസുന്ധരയുടെ പരോക്ഷ പിന്തുണ ഗെഹ്ലോട്ടിനുണ്ട് എന്നതും ശക്തമായ അഭ്യൂഹമാണ്.