പത്തനംതിട്ട: പത്തനംതിട്ട ശബരിഗിരി പദ്ധതിയിലെ ഒരു ജനറേറ്റർ കൂടി തകരാറിലായി. വൈദ്യുതി പദ്ധതിയിലെ രണ്ടാം നമ്പർ ജനറേറ്ററിൻ്റെ കോയിൽ ആണ് കത്തി നശിച്ചത്. ഇതോടെ വൈദ്യുതോപാദ്നം 340 മെഗാവാട്ടിൽ നിന്നും 225 ആയി കുറഞ്ഞു. ഈ തകരാർ പരിഹരിക്കാൻ വൈകുമെന്നാണ് സൂചന. അതേസമയം കനത്ത മഴയെ തുടർന്ന് സംഭരണികൾ നിറയുന്ന സാഹചര്യത്തിൽ വെളളം വെറുതെ ഒഴുക്കി കളയേണ്ടിവരും എന്നാണ് സൂചന.
കഴിഞ്ഞ ഏപ്രിലിൽ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ആറാം നമ്പർ ജനറേറ്റർ തകരാറിലായിരുന്നു. ഏപ്രിൽ ഒന്നിന് രാത്രിയിലുണ്ടായ തീപിടുത്തത്തിലാണ് ജനറേറ്റർ പ്രവർത്തന രഹിതമായത്. ഇതോടെ ആകെ വൈദ്യുതി ഉത്പാദനത്തിൽ അറുപത് മെഗാവാട്ടിൻ്റെ കുറവുണ്ടായിയിരുന്നു.
പ്രതിമാസ അറ്റകുറ്റപണികൾക്ക് ശേഷം ജനറേറ്റർ ഓൺചെയ്തപ്പോഴാണ് തീ പിടിച്ചത്. ജനറേറ്ററിന്റെ ഫോയിലിൽ തീ പിടിച്ച് വൈന്റിങ്ങ് തകരാറിലായി. ജീവനക്കാരുടെ അവസരോജിതമായ ഇടപെലിനെ തുടർന്നാണ് അന്ന് വലിയ അപകടം ഒഴിവായത്. ശബരിഗിരി ജലവൈദ്യുത പദ്ധതിയിൽ ആകെ ആറ് ജനറേറ്ററുകളാണ് ഉള്ളത്. മാസങ്ങൾക്ക് മുന്പ് നാലാം നമ്പർ ജനറേറ്റർ തകരാറിലായിരുന്നു. ഇത് മൂലം അൻപത്തിയഞ്ച് മെഗാ വാട്ട് വൈദ്യുതി ഉത്പാദനം നിലവിൽ കുറവാണ്.