ഇടുക്കി: ചിന്നക്കനാലിന് സമീപം സിങ്കുകണ്ടത്ത് അയൽവാസി തോക്കുമായി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി പരാതി. ചിന്നക്കനാല്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ താമസക്കാരിയായ സിങ്കുകണ്ടം സ്വദേശി ലിസിയാണ് ശാന്തൻപോറ പൊലീസിൽ പരാതി നൽകിയത്. സിങ്കുകണ്ടത്തുള്ള കൂനംമാക്കൽ വർക്കി എന്ന് വിളിക്കുന്ന വർഗീസാണ് ഭീഷണിപ്പെടുത്തിയത്. ലിസിയും സഹോദരിയുടെ മകനുമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. വര്‍ഗീസും ലിസിയും തമ്മില്‍ സ്ഥല സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നു. വര്‍ഗീസ്, തോക്കുമായി വീട്ടിലെത്തി സ്ഥലം അയാളുടെതാണെന്നും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകണമെന്നും ആവശ്യപ്പെട്ടതായി ലിസി പറഞ്ഞു.
ഒടുവില്‍, സഹോദരന്‍റെ മകന്‍റെ സഹായത്തോടെ ഇയാളെ വീട്ടില്‍ നിന്നും ഇറക്കിവിട്ട ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നുവെന്നും ലിസി കൂട്ടിച്ചേര്‍ത്തു. സംഭവം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വർഗീസിന്‍റെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും തോക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. യഥാർത്ഥ തോക്കല്ല തന്‍റെ പക്കലുണ്ടായിരുന്നതെന്നാണ് വർഗീസ് പൊലീസിനോട് പറഞ്ഞത്. ഇരുവരും തമ്മിൽ ഇടക്കിടെ വഴക്കുണ്ടാകാറുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവം സംബന്ധിച്ച് ശാന്തൻപാറ പൊലീസ് അന്വേഷണം തുടങ്ങി.