തിരുവനന്തപുരം: മുടങ്ങിക്കിടന്ന ആര്‍സി ബുക്ക്- ലൈസൻസ് വിതരണം വീണ്ടും തുടങ്ങും. ആര്‍സി ബുക്ക്- ലൈസൻസ് പ്രിന്‍റിംഗ് കമ്പനിക്ക് കുടിശ്ശിക ആയതോടെ പ്രിന്‍റിംഗ് നിര്‍ത്തിവച്ചതോടെയാണ് ആര്‍സി ബുക്ക്- ലൈസൻസ് വിതരണം മുടങ്ങിയത്. മാസങ്ങളോളമായി ലക്ഷക്കണക്കിന് പേരാണ് ഇതോടെ ആര്‍സി ബുക്കോ ലൈസൻസോ കിട്ടാതെ വലഞ്ഞത്. അടുത്ത ആഴ്ച മുതല്‍ ആര്‍സിബുക്ക്- ലൈസൻസ് വിതരണം നടക്കുമെന്നാണ് വിവരം. വിതരണത്തിനായി 25,000 രേഖകൾ ഇതിനോടകം അച്ചടിച്ചു കഴിഞ്ഞു. അതേസമയം പോസ്റ്റൽ വഴിയുള്ള വിതരണത്തിൽ തീരുമാനം ഇനിയുമായിട്ടില്ല. ഇക്കാര്യത്തില്‍ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
രേഖകള്‍ ആര്‍ടിഒ ഓഫീസുകളിൽ നേരിട്ടെത്തിച്ച് വിതരണം നടത്താനാണ് നിലവിലെ തീരുമാനം. കോടികളുടെ കുടിശിക വന്നതിനെ തുടർന്നാണ് കരാറുകാരൻ അച്ചടി നിർത്തിവച്ചത്. കരാറുകാർക്ക് 9 കോടി നൽകാൻ ഇന്നലെ ധനവകുപ്പ് ഉത്തരവിറക്കിയതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്. മൂന്ന് ലക്ഷം രേഖകൾ അച്ചടിക്ക് തയ്യാറാക്കിയിട്ടുണ്ടെന്നും പണം ലഭിച്ച ഉടൻ അച്ചടി ആരംഭിക്കുമെന്നും കരാറുകാർ അറിയിച്ചിട്ടുണ്ട്. വിദേശത്തേക്ക് പോകുന്നവർക്കുൾപ്പെടെ കുറച്ച് ലൈസൻസ് മാത്രമാണ് നിലവിൽ അച്ചടിക്കുന്നത്.