സന്‍ഫ്രാന്‍സിസ്കോ: പ്രമുഖ വ്യക്തികളുടെ ബ്ലൂടിക്ക് ട്വിറ്റർ പിൻവലിച്ചു.രാഷ്ട്രീയത്തിലും സിനിമയിലും സ്പോർട്സിലുമടക്കം തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേരുടെ ബ്ലൂ ടിക്കാണ് അപ്രത്യക്ഷമായിരിക്കുന്നത്. പ്രതിമാസം ഓൺലൈനായി എട്ട് ഡോളറും ആപ്പ് വഴി 11 ഡോളറും നൽകാൻ തയാറാകാത്തവരുടെ ബ്ലൂ ടിക്ക് ഒഴിവാക്കുമെന്ന മുന്നറിയിപ്പ് നേരത്തെ നൽകിയിരുന്നു.
ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം നിരവധി പേരുടെ ട്വിറ്റർ അക്കൗണ്ടിൽനിന്ന് ടിക്ക് മാഞ്ഞത്. ഒറിജിനൽ അക്കൗണ്ട് തിരിച്ചറിയാനായി നൽകി വന്നിരുന്ന സുരക്ഷാ മുദ്രയാണ് ബ്ലൂ ടിക്ക്. പ്രമുഖ വ്യക്തികൾക്ക് മാത്രമല്ല സ്ഥാപനങ്ങൾക്കും കമ്പനികൾക്കും വ്യാജന്മാരിൽ നിന്ന് പ്രൊട്ടക്ഷൻ വാഗ്ദാനം ചെയ്യുക കൂടിയാണ് ബ്ലൂ ടിക്ക് ചെയ്യുന്നത്. 2009ലാണ് ആദ്യമായി ഇത് അവതരിപ്പിക്കുന്നത്. അന്നു തൊട്ട് ഫ്രീയായി ലഭിച്ചിരുന്ന ടിക്ക് കൂടിയാണിത്.
ഏപ്രിൽ ഒന്നുമുതൽ ടിക്ക് വേണമെങ്കിൽ പണം നൽകണമെന്ന് ട്വിറ്റർ മേധാവി എലോൺ മസ്ക് അറിയിച്ചിരുന്നു.
സിനിമ രംഗത്തെ പ്രമുഖരായ ഷാരുഖ് ഖാൻ, അമിതാഭ് ബച്ചൻ, ആലിയ ഭട്ട്, അക്ഷയ് കുമാർ, രാഷ്ട്രീയമേഖലയിലെ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, യോഗി ആദിത്യനാഥ്, ക്രിക്കറ്റർമാരായ വിരാട് കോഹ്‍ലി, എം.എസ് ധോണി, രോഹിത് ശർമ എന്നിവരുടെയൊക്കെ ബ്ലൂ ടിക്ക് മസ്ക് എടുത്തു കളഞ്ഞിട്ടുണ്ട്.
മുൻപ് ഐ.ഒ.എസ്, ആൻഡ്രോയ്ഡ് ഫോണുകൾ വഴിയും വെബ്സൈറ്റ് വഴിയും ട്വിറ്റർ ബ്ലൂ ടിക്ക് നൽകിയിരുന്നു. ഇന്ത്യയിൽ ഐ.ഒ.എസ്, ആൻഡ്രോയ്ഡ് വരിക്കാർക്ക് 900 രൂപയും വെബ്സൈറ്റിൽ 650 രൂപയുമാണ് ടിക്കിന്റെ പ്രതിമാസ നിരക്ക്. പ്രതിവർഷം 6800 രൂപയുടെ പ്രിമിയം സേവനവും വാഗ്ദാനം ചെയ്യുന്നുണ്ട്.
ട്വീറ്റ് എഡിറ്റ് ചെയ്യൽ, ബുക്ക്മാർക്ക് ചെയ്യൽ, വിവിധ കളർ തീമുകൾ അപ്ഡേറ്റ് ചെയ്യൽ, മറ്റുള്ളവർക്ക് ലഭ്യമായ ശേഷം ഒഴിവാക്കൽ എന്നിങ്ങനെ നിരവധി സേവനങ്ങളും ലഭിക്കും. കൂടാതെ 4,000 കാരക്ടറുള്ള ട്വീറ്റിനും മുൻപ് സൗകര്യമുണ്ടായിരുന്നു.