ലണ്ടൻ: കാൻസർ ബാധിതനായി ചികിത്സയിൽ കഴിയുന്ന മുൻ ഇറ്റലി ഇതിഹാസ താരം ജിയാൻലൂക വിയാലിയുടെ ആരോഗ്യനില മോശമായി. ഏതാനും ദിവസങ്ങളായി മുൻ ചെൽസി താരം കൂടിയായ ജിയാൻലൂക പാൻക്രിയാറ്റിക് അർബുദത്തിന് ലണ്ടനിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ആരോഗ്യനില മോശമായതിനെ തുടർന്ന് താരത്തിന്റെ മാതവ് മരിയ തേരേസയും സഹോദരനും ലണ്ടനിലേക്ക് പുറപ്പെട്ടു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞയാഴ്ച ഇറ്റാലിയൻ ദേശീയ ടീമിന്റെ മുഖ്യ സ്റ്റാഫ് പ്രതിനിധി സ്ഥാനത്തുനിന്ന് അദ്ദേഹം ഒഴിഞ്ഞിരുന്നു. ഇറ്റലി ദേശീയ ടീമിനായി 59 മത്സരങ്ങൾ കളിച്ച താരം 16 ഗോളുകൾ നേടിയിട്ടുണ്ട്. 86, 90 ലോകകപ്പിൽ ഇറ്റലി ടീം അംഗമായിരുന്നു.
പിന്നീട് ചെൽസി മാനേജറായും പ്രവർത്തിച്ചു. ടീമിലെ സഹതാരവും ഉറ്റസുഹൃത്തുമായ റോബർട്ടോ മാൻസീനി ഇറ്റലി ടീമിന്റെ പരിശീലകനായതോടെയാണ് ജിയാൻലൂകയും സ്റ്റാഫ് അംഗമായി എത്തുന്നത്. ഇറ്റലിയുടെ 2020 യൂറോ വിജയം ഇരുവരും ഒന്നിച്ചാണ് ആഘോഷിച്ചത്. 2017 മുതൽ രോഗബാധിതനായി തുടരുന്ന താരത്തിന്റെ ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
‘ആവശ്യമില്ലാത്ത അതിഥി’, ‘ഞാൻ സന്തോഷത്തോടെ ഒഴിവാക്കുന്ന ഒരു സഹയാത്രികൻ’ എന്നൊക്കെയാണ് രോഗത്തെ ജിയാൻലൂക വിശേഷിപ്പിച്ചത്.