ദമ്മാം: കഴിഞ്ഞമാസം നാലിന് അവധിക്ക് നാട്ടിൽ പോകാൻ വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പ് കുഴഞ്ഞുവീണു മരിച്ച തൃശുർ പൂങ്കുന്നം നെല്ലിപ്പറമ്പിൽ ഗിരീഷിന്‍റെയും താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ട കായംകുളം മുതുകുളം സ്വദേശി വാലുപറമ്പിൽ വാസുദേവന്‍റെയും മൃതദേഹങ്ങൾ നാട്ടിൽ കൊണ്ടുപോയി.
ചൊവ്വാഴ്ച രാത്രി ദമ്മാമിൽ നിന്നു പുറപ്പെട്ട ശ്രീലങ്കൻ എയർവേയ്സിൽ കൊണ്ടുപോയ മൃതദേഹങ്ങൾ ബുധനാഴ്ച രാവിലെ 9.30ഓടെ കൊച്ചിയിലെത്തി. വിദേശത്ത് മരിക്കുന്ന മലയാളികളുടെ മൃതദേഹങ്ങൾ കൊണ്ടുപോകാൻ സൗജന്യ സേവനം നടത്തുന്ന നോർക്കയുടെ ആംബുലൻസുകളിൽ ഇരുവരുടേയും മൃതദേഹങ്ങൾ വീടുകളിലെത്തിച്ചു. അൽപ സമയത്തെ പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. 15 വർഷത്തിലധികമായി പ്രവാസിയായ ഗിരീഷ് ഖത്വീഫിലെ സേഫ്റ്റി എക്യുപ്മെൻറ് കമ്പനിയിൽ ബിസ്നസ് ഡവലപ്മെൻറ് മാനേജരായിരുന്നു.
ഒന്നര വർഷത്തിന് ശേഷം 90 ദിവസത്തെ അവധിക്കായി നാട്ടിലേക്കുള്ള യാത്രയിലാണ് ഗിരീഷിനെ മരണം തട്ടിയെടുത്തത്. ദമ്മാം വിമാനത്താവളത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഫ്ലൈ ദുബൈ വിമാനത്തിന് സമീപമെത്തിയ ഗിരീഷ് പെട്ടെന്ന് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. അവിടെ നിന്ന് ഖത്വീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിൽ എത്തിച്ച മൃതദേഹം പോസ്റ്റുമോർട്ടം കൂടാതെ നാട്ടിലെത്തിച്ച് തരണമെന്ന് കുടുംബം അഭ്യർഥിച്ചിരുന്നു. പോസ്റ്റുമോർട്ടം ഒഴിവാക്കുന്നതിന് പകരമുള്ള ഫോറൻസിക് പരിശോധനകൾ പൂർത്തിയാക്കി അനുമതി ലഭിക്കാൻ കാത്തിരുന്നതാണ് 25 ദിവസത്തോളം വൈകിയത്. തങ്ങളുടെ യാത്രക്കാരനായ ഗിരിഷിന്‍റെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്നതിന് തയാറാണെന്ന് ഫ്ലൈ ദുബൈ അറിയിച്ചിരുന്നു.
എന്നാൽ അതിന്‍റെ അനുമതിക്കായി ഇനിയും കാലതാമസം വരുമെന്നതിനാൽ കമ്പനി തന്നെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് വഹിക്കുകയായിരുന്നു. സതീദേവിയാണ് ഗിരീഷിന്‍റെ ഭാര്യ. ഗൗതം കൃഷ്ണ, വിഷ്ണുപ്രിയ എന്നിവർ മക്കളാണ്. ദമ്മാമിലെ ഒരു കമ്പനിയിൽ ഫാബ്രിക്കേറ്ററായിരുന്ന വാസുദേവൻ പിള്ളയെ കാണാതായതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ച് ചെന്നപ്പോഴാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
10 വർഷമായി ഇദ്ദേഹം പ്രവാസിയാണ്. ഹൃദയാഘാതമാണ് മരണകാരണമായി കണ്ടെത്തിയത്. സുമയാണ് ഭാര്യ. ആദിത്യൻ, അശ്വതി എന്നിവർ മക്കളാണ്. സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്‍റെ ഇടപെലുകളാണ് അധികം കാലതാമസമില്ലാതെ ഈ മൃതദേഹങ്ങൾ നാട്ടിലെത്തുന്നതിന് കാരണമായത്. ഇരുവരും ജോലി ചെയ്ത സ്ഥാപന ഉടമകളിൽ നിന്നും നല്ല സഹകരണമാണ് ലഭിച്ചതെന്ന് നാസ് വക്കം പറഞ്ഞു.