റിയാദ്: സൗദി അറേബ്യയില്‍ പെണ്‍കുട്ടി മുങ്ങി മരിച്ചു. റിയാദിലെ വാദി ഹനീഫയിലായിരുന്നു അപകടം. വാദിയിലെ അരുവിയില്‍ മുങ്ങിപ്പോയ കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് സിവില്‍ ഡിഫന്‍സ് വ്യാഴാഴ്ച അറിയിച്ചു. കുട്ടിയുടെ മൃതദേഹം പിന്നീട് സിവില്‍ ഡിഫന്‍സ് നടത്തിയ തെരച്ചിലില്‍ കണ്ടെത്തി.
കുട്ടിയെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി സൗദി സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ എപ്പോഴും ശ്രദ്ധ പുലര്‍ത്തണമെന്നും ഉല്ലാസ യാത്രകളിലും മറ്റും അവരെ ജലാശയങ്ങള്‍ക്ക് സമീപം പോകാന്‍ അനുവദിക്കരുതെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു. വെള്ളം കുത്തിയൊലിക്കുന്ന വാദികള്‍ മുറിച്ചുകടക്കരുത്. വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളില്‍ കുട്ടികളെ കളിക്കാന്‍ അനുവദിക്കരുതെന്നും സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.