കണ്ണൂര്‍: കണ്ണൂരിൽ കാണാതായ അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ പതിനാറുകാരനായ ഇൻസ്റ്റഗ്രാം സുഹൃത്തിനൊപ്പം ടൗൺ പൊലീസ് തിയറ്ററിൽനിന്നു കണ്ടെത്തി. തനിക്ക് പനിയാണെന്നും ക്ലാസിൽ വരാൻ കഴിയില്ലെന്നും അമ്മയുടെ ഫോണിൽനിന്ന് കുട്ടി തിങ്കളാഴ്ച വൈകിട്ട് ടീച്ചർക്ക് മെസേജ് അയച്ചിരുന്നു.
ടീച്ചർ തിരിച്ചയച്ച മറുപടി ഫോണിൽനിന്നു ഡിലീറ്റ് ചെയ്യുകയും ചെയ്തു. പതിവുപോലെ ചൊവ്വാഴ്ച രാവിലെ വീട്ടിൽനിന്നും സ്കൂൾ വാനിൽ കയറി സ്കൂളിലെത്തിയ കുട്ടി, ശേഷം പുറത്ത് കാത്തുനിന്ന സുഹൃത്തിനൊപ്പം തിയറ്ററിലേക്ക് പോകുകയായിരുന്നു.
തിരുവനന്തപുരം സ്വദേശിയായ പതിനാറുകാരൻ കൂട്ടുകാർക്കൊപ്പം വിനോദയാത്ര പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. വീട്ടുകാർ പലപ്പോഴായി നൽകിയ പണം ഉൾപ്പെടെ 3000 രൂപയുമായാണ് കെഎസ്ആർടിസി ബസ്സില്‍ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലെത്തിയത്. ആദ്യമായി നേരിൽ കാണുന്ന ഇരുവരും ഇൻസ്റ്റഗ്രാമിലൂടെയാണ് പദ്ധതി തയാറാക്കിയത്.
തന്റെ കയ്യിലുള്ള മുയലിനെ വിറ്റ് പണം ലഭിച്ചെന്നും കാണാൻ വരുമെന്നും പതിനാറുകാരൻ കുട്ടിക്ക് ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ചിരുന്നു. ഓട്ടോറിക്ഷ ഡ്രൈവർ നൽകിയ വിവരത്തെ തുടർന്നാണ് ടൗൺ പൊലീസ് ഇരുവരെയും പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച ഇരുവരെയും മാതാപിതാക്കൾക്ക് ഒപ്പം വിട്ടയച്ചു.