തിരുവനന്തപുരം: വിഴിഞ്ഞം ആഴിമലയിൽ പെണ്‍ സുഹൃത്തിനെ കാണാനെത്തിയ യുവാവിനെ തട്ടികൊണ്ടുപോയ കേസിൽ പ്രതിയാക്കപ്പെട്ട മൂന്ന് പേർ മുൻകൂർ ജാമ്യാപേക്ഷയുമായി തിരുവനന്തപുരം സെഷൻസ് കോടതിയെ സമീപിച്ചു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാനെത്തിയ മൊട്ടമൂട് സ്വദേശി കിരണിനെയാണ് പെണ്‍കുട്ടിയുടെ സഹാദരനും ബന്ധുക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയത്. കിരണിനെ അന്യായമായി തടഞ്ഞുവച്ച് മർദ്ദിച്ചതിനാണ് പ്രതികള്‍ക്കെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ തട്ടികൊണ്ടുപോയതിന് ശേഷം കിരണിനെ ആഴിമല കടലിൽ കാണാതായിരുന്നു.
കിരണിന്റെതെന്ന് സംശയിക്കുന്ന മൃതദേഹം കുളച്ചലിൽ നിന്നും കണ്ടെത്തിട്ടുണ്ട്. സ്ഥിരീകരിക്കുന്നതിനായി ഡിഎൻഎ പരിശോധനാ ഫലത്തിനായി കാക്കുകയാണ് പൊലീസ്. ഡിഎൻഎ ഫലം ലഭിക്കാൻ ഒരാഴ്ച വേണ്ടിവരുമെന്ന് തമിഴ‍്‍നാട് പൊലീസ് അറിയിച്ചതായി ഫോർട്ട് അസിസ്റ്റൻറ് കമ്മീഷണർ പറഞ്ഞു. മൃതദേഹത്തിന്‍റെ കയ്യിലെ ചരടും കിരൺ കെട്ടിയിരുന്ന ചരടും തമ്മിൽ സാമ്യമുണ്ടെന്ന് കിരണിന്‍റെ അച്ഛൻ മധു നേരത്തെ വ്യക്തമാക്കിയിരുന്നു. മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.
ശനിയാഴ്ചയാണ് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം മൊട്ടമൂട് സ്വദേശിയ കിരണ്‍ ആഴിമലയിലെ ഫേസ്ബുക്ക് സുഹൃത്തിനെ കാണാനെത്തിയത്. വീടിന് മുന്നിലെത്തി മടങ്ങുന്നതിനിടെ കിരണിനെയും സുഹൃത്തുക്കളെയും പെൺകുട്ടിയുടെ സഹോദരനും രണ്ടു ബന്ധുക്കളും പിന്തുടര്‍ന്ന് പിടികൂടി. കിരണിനെ ബൈക്കിലും സുഹൃത്തുക്കളെ കാറിലും കയറ്റി ആഴിമല ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ബൈക്കിൽ കയറിയ കിരൺ ആഴിമലയിൽ എത്തിയില്ലെന്നും ബൈക്കിൽ നിന്ന് ഇറങ്ങി ഓടിയെന്ന് പിടിച്ച് കൊണ്ടുപോയവര്‍ പറഞ്ഞെന്നുമാണ് കൂട്ടുകാരുടെ മൊഴി. ആയുര്‍വേദ റിസോര്‍ട്ടിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.