അടിമാലി: കാമുകൻ ബന്ധത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്ന് പെൺകുട്ടി പാറയുടെ മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. പൊലീസ് എത്തി അനുനയിപ്പിച്ച് തിരിച്ചിറക്കി. ബുധനാഴ്ച്ച രാവിലെ 7 മണിയോടെയാണ് സംഭവം. അടിമാലി മലമുകളിൽ തലമാലി കുതിരയള ഭാഗത്താണ് പെൺകുട്ടി ആത്മഹത്യ ഭീഷണി മുഴക്കി നിലയുറപ്പിച്ചത്.
അടിമാലി എസ്.ഐ സന്തോഷിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പെൺകുട്ടിയെ അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായത്. വീട്ടുകാരും നാട്ടുകാരും കാട് അടക്കമുള്ള എല്ലാ മേഖലയും അരിച്ചു പെറുക്കിയെങ്കിലും കണ്ടെത്തിയില്ല. പിന്നീട് 7 മണിയോടെ പെൺകുട്ടിയെ പാറക്കെട്ടിന് മുകളിൽ കണ്ടെത്തുകയായിരുന്നു.
നാട്ടുകാർ അടുത്ത് ചെല്ലാൻ ശ്രമിച്ചപ്പോൾ കൂടുതൽ അപകട മേഖലയിലേക്ക് നീങ്ങി. ഇതിനിടെ വിവരമറിഞ്ഞ് പൊലീസും എത്തി. പിന്നീട് പൊലീസ് നടത്തിയ അനുനയന ചർച്ചക്കൊടുവിൽ പെൺകുട്ടി തിരിച്ച് ഇറങ്ങിയതോടെയാണ് എല്ലാവർക്കും ആശ്വാസമായത്. നാട്ടുകാരും ഫയർ ഫോഴ്സും രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു.




















