ന്യൂഡൽഹി: 2023ലെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 111ാം സ്ഥാനത്ത്. മൊത്തം 125 രാജ്യങ്ങളുള്ള സൂചിക വ്യാഴാഴ്ചയാണ് പുറത്തുവിട്ടത്. 2022ലെ കണക്കനുസരിച്ച് 121 രാജ്യങ്ങളിൽ 107ാം സ്ഥാനത്തായിരുന്നു ഇന്ത്യ. പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ സ്ഥിതി ഗുരുതരമാണ്. അയൽരാജ്യങ്ങളായ പാകിസ്താൻ (102), ബംഗ്ലാദേശ് (81), നേപ്പാൾ (69), ശ്രീലങ്ക (60) എന്നിവ ഇന്ത്യയേക്കാൾ മെച്ചപ്പെട്ട നിലയിലാണ്.
റിപ്പോർട്ട് ഇന്ത്യ തള്ളി. ഇത് രാജ്യത്തിന്റെ ശരിയായ നില വ്യക്തമാക്കുന്നതല്ലെന്നും റിപ്പോർട്ട് തെറ്റാണെന്നും സർക്കാർ വ്യക്തമാക്കി. ഗുരുതരമായ രീതിശാസ്ത്ര പ്രശ്നങ്ങളുള്ളതാണ് സൂചികയെന്ന് കേന്ദ്ര വനിത-ശിശു വികസന മന്ത്രാലയം പ്രതികരിച്ചു.
സൂചിക പ്രകാരം ദക്ഷിണേഷ്യയും സഹാറക്ക് തെക്കുള്ള ആഫ്രിക്കയുമാണ് ലോകത്ത് ഏറ്റവും പട്ടിണിയുള്ള മേഖലകൾ. ലോകത്തു തന്നെ കുട്ടികളിൽ ഏറ്റവുമധികം തൂക്കക്കുറവുള്ള (ഉയരത്തിനനുസരിച്ച് തൂക്കമില്ലാത്ത) രാജ്യവും ഇന്ത്യയാണ്. 18.7 ശതമാനമാണ് ഈ നിരക്ക്. രാജ്യത്തെ പോഷകാഹാരക്കുറവ് നിരക്ക് 16.6 ശതമാനവും അഞ്ച് വയസ്സിന് താഴെയുള്ളവരുടെ മരണനിരക്ക് 3.1 ശതമാനവുമാണ്. 15നും 24നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ വിളർച്ചയുടെ വ്യാപനം 58.1 ശതമാനമാണ്.
പുതിയ ആഗോള പട്ടിണി സൂചിക പ്രകാരം 2015 വരെയുള്ള പുരോഗതിക്കു ശേഷം, ലോകമെമ്പാടുമുള്ള പട്ടിണിക്കെതിരായ മുന്നേറ്റം നിശ്ചലമായി തുടരുകയാണ്. പോഷകാഹാരക്കുറവ് വർധിക്കുകയാണ്. ലോകത്തിലാകെ പോഷകാഹാരക്കുറവുള്ളവരുടെ എണ്ണം 572 ദശലക്ഷത്തിൽനിന്ന് 735 ദശലക്ഷമായി ഉയർന്നതായും റിപ്പോർട്ട് പറയുന്നു.