ദില്ലി: കശ്മീരിനെ ‘പാകിസ്ഥാന്റെ ദേശീയ പ്രശ്നം’ എന്ന് വിശേഷിപ്പിച്ച് ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബ ഭീകരൻ അബ്ദുൾ റഹ്മാൻ മക്കി. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ നേതാവായ മക്കി ലാഹോറിലെ കോട് ലഖ്പത് ജയിലിൽ നിന്ന് അൽ-ഖ്വയ്ദയുമായോ ഇസ്ലാമിക് സ്‌റ്റേറ്റുമായോ യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞുള്ള ഒരു വീഡിയോ പുറത്തുവിട്ടു. ഇതിലാണ് കശ്മീർ സംബന്ധിച്ച പരാമർശമുള്ളത്. കശ്മീരിലെ ജനങ്ങൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ യുഎൻ പ്രമേയങ്ങൾക്കനുസരിച്ച് പ്രശ്നം പരിഹരിക്കണമെന്നും മക്കി പറഞ്ഞു.
കശ്മീരിനെ സംബന്ധിച്ചിടത്തോളം പാകിസ്ഥാന് ഒരു പ്രധാന സ്ഥാനമുണ്ട്, അത് പാകിസ്ഥാന്റെ ദേശീയ പ്രശ്നമായി ഞങ്ങൾ കരുതുന്നു, അത് യുഎൻ പ്രമേയങ്ങൾക്കനുസരിച്ച് പരിഹരിക്കപ്പെടണം, അങ്ങനെ കശ്മീരിലെ ജനങ്ങൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ കഴിയും മക്കി വീഡിയോയിൽ പറയുന്നു. അൽ-ഖ്വയ്ദയുടെയും ഐഎസിന്റെയും കാഴ്ചപ്പാടുകളും പ്രവർത്തനങ്ങളും തന്റെ വിശ്വാസങ്ങൾക്ക് നേർവിപരീതമാണെന്നും മക്കി പറഞ്ഞു. ഒസാമ ബിൻ ലാദൻ, അയ്മൻ അൽ-സവാഹിരി അല്ലെങ്കിൽ അബ്ദുള്ള അസമിനെപ്പോലുള്ള വ്യക്തികളുടെ കാഴ്ചപ്പാടുകൾ, ആശയങ്ങൾ, പ്രവൃത്തികൾ എന്നിവയെ താൻ അംഗീകരിക്കുന്നില്ല. തന്റെ ജീവിതത്തിലുടനീളം താൻ അവരുടെ പ്രവർത്തനങ്ങളെ എതിർത്തിട്ടുണ്ടെന്നും റഹ്മാൻ മക്കി പറയുന്നത് വീഡിയോയിൽ കേൾക്കാം.1980-കളിൽ ഇസ്ലാമാബാദ് ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലെ ഫാക്കൽറ്റി അംഗമായിരുന്നപ്പോൾ തനിക്കെതിരായി ഉയർന്ന ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചു. അൽ ഖ്വയ്ദ നേതാക്കളുമായി അന്ന് മക്കി കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു ആരോപണം ഉയർന്നത്.
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജമാത്ത് ഉദ് ദവ (ജെയുഡി) നേതാവുമായ ഹാഫിസ് സയീദിന്റെ ഭാര്യാസഹോദരനുമാണ് മക്കി. എന്നാൽ, 166 പേരുടെ മരണത്തിനിടയാക്കിയ 26/11 ആക്രമണത്തെക്കുറിച്ച് അദ്ദേഹം വീഡിയോയിൽ പരാമർശിച്ചിട്ടില്ല. താൻ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും അബ്ദുല്ല അസം, അയ്മൻ അൽ സവാഹിരി, ബിൻ ലാദൻ എന്നിവരുമായി ഒരിക്കലും ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അബ്ദുൽ റഹ്‌മാൻ മക്കിയെ കഴിഞ്ഞയിടയ്ക്കാണ് ആഗോള ഭീകരനായി യുഎൻ പ്രഖ്യാപിച്ചത്. മക്കിയെ ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമത്തെ ചൈന നിരന്തരം എതിർത്തിരുന്നു. ഇന്ത്യയുടെ ഭീകര വിരുദ്ധ പോരാട്ടത്തിലെ സുപ്രധാന നേട്ടമാണ് ഇപ്പോഴത്തെ യു എൻ തീരുമാനം. അബ്ദുൽ റഹ്‌മാൻ മക്കിക്ക് 68 വയസുണ്ട്. ലഷ്കറെ ത്വയ്യിബ, ജമാഅത്തുദ്ദവ ഭീകര സംഘങ്ങളുടെ തലപ്പത്തെ രണ്ടാമനാണ്. കശ്മീരിൽ നിരന്തരം നടക്കുന്ന ഭീകരാക്രമണങ്ങളുടെ ബുദ്ധികേന്ദ്രങ്ങളിൽ ഒരാളാണ് അബ്ദുൽ റഹ്‌മാൻ മക്കി. ലഷ്കർ ഭീകരർക്ക് പണം എത്തിക്കുന്ന ആഗോള ശൃഖലയുടെ ചുമതലക്കാരനായ അബ്ദുൽ റഹ്‌മാൻ മക്കിക്ക് അമേരിക്ക തലയ്ക്ക് 16 കോടി വിലയിട്ടിരുന്നു. കാശ്മീരിൽ നിരന്തരം ഭീകരാക്രമണങ്ങൾ നടത്തിയതിന് മക്കിയുടെ മകൻ ഉവൈദിനെ 2017 ൽ ഇന്ത്യൻ സൈന്യം വധിച്ചിരുന്നു.