നാഗ്പുർ: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജയിലിലടച്ച ഡൽഹി യൂണിവേഴ്സിറ്റി മുൻ പ്രഫസർ ജി.എൻ.സായ്ബാബയെ കുറ്റവിമുക്തനാക്കി ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച്. എത്രയും പെട്ടെന്ന് ജയിൽ മോചിതനാക്കാനും കോടതി ഉത്തരവിട്ടു.
2017ൽ വിചാരണക്കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചത് ചോദ്യം ചെയ്താണ് സായ്ബാബ നാഗ്പുർ ബെഞ്ചിനെ സമീപിച്ചത്. ജസ്റ്റിസ് രോഹിത് ഡിയോ, അനിൽ പൻസാരെ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്. മറ്റ് 5 പേരെയും കോടതി കുറ്റവിമുക്തരാക്കി. ഇതിലൊരാൾ നേരത്തെ മരിച്ചു.
2014ൽ അറസ്റ്റിലായ സായ്ബാബയെ മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലാ സെഷൻസ് കോടതിയാണ് 2017ൽ ശിക്ഷയ്ക്ക് വിധിച്ചത്. മാധ്യമപ്രവർത്തകനേയും ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി (ജെഎൻയു) വിദ്യാർഥിയേയും കുറ്റക്കാരനെന്ന് വിധിച്ചിരുന്നു. യുഎപിഎ ഉൾപ്പെടെയുള്ള കുറ്റം ഇവർക്കെതിരെ ചുമത്തിയിരുന്നു.