ബെംഗളൂരു ∙ 54 യാത്രക്കാരെ കയറ്റാതെ ഗോ ഫസ്റ്റ് വിമാനം ഡൽഹിക്കു പറന്ന സംഭവത്തിൽ സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ (ഡിജിസിഎ) നോട്ടിസ് നൽകി. കയറാനുള്ള 54 യാത്രക്കാർ ബസിൽ എത്തുന്നതിനിടെ വിമാനം പറന്നുയരുകയായിരുന്നു. അന്വേഷണം നടത്തുന്നതായും ഉത്തരവാദികളായ ജീവനക്കാരെ അന്വേഷണവിധേയമായി ജോലിയിൽനിന്നു മാറ്റി നിർത്തിയതായും ഗോ ഫസ്റ്റ് അറിയിച്ചു.
54 യാത്രക്കാർക്ക് അടുത്ത ഒരു വർഷത്തിനിടെ ആഭ്യന്തര യാത്രയ്ക്കായി പ്രയോജനപ്പെടുത്താൻ കഴിയും വിധം ഓരോ സൗജന്യ ടിക്കറ്റ് വീതം നൽകുമെന്നും അറിയിച്ചു. യാത്രക്കാരിൽ ഒരാളുടെ ട്വീറ്റിനു മറുപടിയായി കമ്പനി ഖേദവും പ്രകടിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ 6.20നുള്ള ജി8 –116 എന്ന വിമാനമാണ് മുഴുവൻ യാത്രക്കാരെയും കയറ്റാതെ പറന്നത്. ബാഗുകൾ ചെക്കിൻ ചെയ്ത് ബോർഡിങ് പാസ് ലഭിച്ച യാത്രക്കാരെ 4 ബസുകളിലാണ് വിമാനത്തിലേക്ക് എത്തിച്ചത്. ഇതിൽ അവസാനത്തെ ബസിലെ 54 പേർ വിമാനത്തിനടുത്തേക്ക് എത്തിക്കൊണ്ടിരിക്കുമ്പോഴാണ് വിമാനം പറന്നുയർന്നത്.
വിമാനം റൺവേയിലൂടെ നീങ്ങുന്നതു കണ്ട് ബസിലിരുന്ന യാത്രക്കാർ ബഹളം വച്ചു. ചിലർ പ്രധാനമന്ത്രിയെയും കേന്ദ്ര വ്യോമയാന മന്ത്രിയെയും ട്വിറ്ററിൽ ടാഗ് ചെയ്ത് ദുരനുഭവം പങ്കുവച്ചു. ഈ 54 യാത്രക്കാരെ 3 മണിക്കൂറിലധികം കാത്തുനിർത്തിയ ശേഷം പിന്നീട് മറ്റൊരു വിമാനത്തിൽ ഡൽഹിക്കു കൊണ്ടുപോയി.