പനജി: ഗോവയിൽ കോൺഗ്രസിനു തിരിച്ചടിയായി എംഎൽഎമാർ ബിജെപിയിലേക്കു ചേക്കേറാനൊരുങ്ങുന്നതായി റിപ്പോർട്ട്. നിലവിലുള്ള 11 കോൺഗ്രസ് എംഎൽഎമാരിൽ കുറെപ്പേർ പാർട്ടി വിടുമെന്നാണു സൂചന. എന്നാൽ പ്രചരിക്കുന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്നു കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു.
പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോയും 9 എംഎല്‍എമാരും ബിജെപിയിലേക്കു ചേക്കേറുമെന്നാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തിങ്കളാഴ്ച നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെയാണു നിർണായക നീക്കം. സഭാസമ്മേളനത്തിനു മുന്നോടിയായി കോൺഗ്രസ് വിളിച്ച യോഗത്തിൽനിന്ന് 7 എംഎൽഎമാർ വിട്ടുനിന്നെന്നും വിവരമുണ്ട്. യോഗത്തിനു വന്നില്ലെങ്കിലും എംഎൽഎമാരെല്ലാം ഒപ്പമുണ്ടെന്നാണു കോൺഗ്രസിന്റെ അവകാശവാദം.
മൈക്കിള്‍ ലോബോയും ഭാര്യ ദെലീല ലോബോയും നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ഈ വർഷം ജനുവരിയിലാണു ബിജെപി വിട്ടു കോൺഗ്രസിലെത്തിയത്. ഭാര്യയെ സ്ഥാനാർഥിയാക്കാത്തതിൽ പ്രതിഷേധിച്ചാണു മൈക്കിൾ പാർട്ടി വിട്ടതെന്നായിരുന്നു ഗോവയുടെ ചുമതലയുണ്ടായിരുന്ന ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചത്.
ഉത്തര ഗോവയിലെ ശക്തനായ നേതാവാണു മൈക്കിള്‍ ലോബോ. പ്രമോദ് സാവന്ത് സർക്കാരിൽ മന്ത്രിയുമായിരുന്നു. തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ തുടർന്നപ്പോൾ, ലോബോയെ കോൺഗ്രസ് പ്രതിപക്ഷ നേതാവായി നിയമിച്ചു. 11 എംഎൽഎമാരിൽ 10 പേരും ബിജെപിയില്‍ ചേരുമെന്നും പ്രചരിക്കുന്നുണ്ട്. ഇങ്ങനെയാണെങ്കിൽ കൂറുമാറ്റ നിരോധന നിയമം എംഎല്‍എമാര്‍ക്കു ബാധകമാകില്ല.
നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു കൂറുമാറില്ലെന്നു ഭരണഘടന തൊട്ടു സത്യം ചെയ്യിച്ചാണു കോണ്‍ഗ്രസ് സ്ഥാനാർഥികളെ നിര്‍ത്തിയത്. എന്നാൽ തിരഞ്ഞെടുക്കപ്പെട്ടു മാസങ്ങള്‍ക്കകം എംഎല്‍എമാര്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നതിലേക്കാണു കാര്യങ്ങള്‍ പോകുന്നത്. പ്രചരിക്കുന്നതെല്ലാം കിംവദന്തി മാത്രമാണെന്നു സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് ദിനേശ് ഗുണ്ടുറാവു പറഞ്ഞു. ബിജെപിയാണ് ഇത്തരം അഭ്യൂഹങ്ങൾക്കു പിന്നിലെന്നു സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അമിത് പട്കറും പ്രതികരിച്ചു.