ദില്ലി : 20 സീറ്റുകൾ നേടി ഭരണം ഉറപ്പിക്കുമ്പോഴും ഗോവ ബിജെപിയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലി തർക്കം. പ്രമോദ് സാവന്തിനൊപ്പം വിശ്വജിത്ത് റാണെയും മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചു. അതിനാൽ ബിജെപി നേതാക്കൾ ഇന്ന് ഗവർണറെ കാണില്ല. കൂടിക്കാഴ്ചയ്ക്ക് അനുവദിച്ച സമയം റദ്ദാക്കി. തുടക്കം മുതൽ തന്നെ വിശ്വജിത്ത് റാണെ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി അവകാശവാദം ഉന്നയിച്ചിരുന്നു. പക്ഷെ മുഖ്യമന്ത്രിയായ പ്രമോദ് സാവന്ത് തന്നെ നയിക്കട്ടെയെന്ന് കേന്ദ്രം തീരുമാനിക്കുകയിരുന്നു.
ആ ഘട്ടത്തിൽ പോലും വിശ്വജിത്ത് റാണെ തന്റെ നിലപാടിൽ നിന്ന് മാറിയിരുന്നില്ല. ഇപ്പോൾ വിശ്വജിത്ത് റാണെ വാൽപോയി മണ്ഡലത്തിൽ നിന്ന് റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ചു കയറി. ഈ ഘട്ടത്തിൽ വളരെ ശ്കതമായി തന്നെ പാർട്ടിയിൽ തന്റെ ഭാഗത്ത് നിൽക്കുന്ന എംഎൽഎമാരെ കൂടെ നിർത്തി മുഖ്യമന്ത്രി സ്ഥാനമെന്ന അവകാശവാദം പാർട്ടിക്കുള്ളിൽ ശ്കതമായി ഉന്നയിക്കുകയാണ് അദ്ദേഹം.
ഈ സാഹചര്യത്തിലാണ് മന്ത്രി സഭ രൂപീകരിക്കാനുള്ള നടപടി റദ്ദാക്കുകയും ഗവർണറെ നാളെ കാണാമെന്ന തീരുമാനത്തിലെത്തുകയും ചെയ്തിരിക്കുന്നത്. പ്രമോദ് സാവന്തും വിശ്വജിത്ത് റാണെയും വളരെ പ്രമുഖരായ ജനസ്വാധീനമുള്ള നേതാക്കളാണ്. ഇരുവരും പാർട്ടിയിൽ നേർക്കുനേർ വരുമ്പോൾ ഒരുപക്ഷെ പാർട്ടിക്കുള്ളിൽ എത്രപേർ ഇരുവർക്കൊപ്പം നിൽക്കുമെന്നുള്ളത് അറിയേണ്ടതുണ്ട്. കൂടാതെകേന്ദ്ര നേതൃത്വം ആർക്കൊപ്പം എന്നുള്ളതും ഒരു ചോദ്യമാണ്.