ദില്ലി : ഗോവയിൽ മന്ത്രിസ്ഥാനവും ബിജെപി അംഗത്വവും ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്ന മൈക്കിൾ ലോബോയ്ക്കെതിരെ മുൻ കോൺഗ്രസ് നേതാവ് ജോസഫ് സിക്കേര ബിജെപി സ്ഥാനാർഥിയാകും. ലോബോയ്ക്ക് കോൺഗ്രസ് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് 10 ദിവസം മുൻപ് തൃണമൂൽ കോൺഗ്രസിലേക്കു മാറിയ ജോസഫ് സിക്കേര ഇന്നലെ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ സാന്നിധ്യത്തിലാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.
അതിനിടെ മുൻ ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സുദത്ത് കോർഗോങ്കറും അദ്ദേഹത്തിന്റെ അനുയായികളും കോൺഗ്രസിൽ ചേർന്നു. മപുസയിലെ യുവാക്കളെ ബിജെപി അവഗണിക്കുകയാണെന്ന് കോർഗോങ്കർ ആരോപിച്ചു. നോർത്ത് ഗോവ ജില്ലാ പ്രസിഡന്റ് വിജയ് ഭികെ, ജിപിസിസി വൈസ് പ്രസിഡന്റ് പ്രമോദ് സൽഗോക്കർ, മപുസ കോൺഗ്രസ് സ്ഥാനാർത്ഥി സുധീർ കണ്ടോൽക്കർ, മപുസ ബ്ലോക്ക് പ്രസിഡന്റ് ശശാങ്ക് നർവേക്കർ, മറ്റ് കോൺഗ്രസ് ഭാരവാഹികൾ എന്നിവർ പുതിയ സ്ഥാനാർത്ഥികളെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്നാണിത്. മഹാരാഷ്ട്ര ഗോമന്തക് പാർട്ടിയുടെ പ്രാദേശിക നേതാവ് സച്ചിൻ കിട്‌ലേക്കറും കോൺഗ്രസിൽ ചേർന്നു. സീറ്റ് ലഭിക്കാതിരുന്ന കോൺഗ്രസ് നേതാവും മുൻ ടൂറിസം മന്ത്രിയുമായ ഫ്രാൻസിസ്കോ മിക്കി പാർട്ടി വിട്ട് എൻസിപിയിൽ ചേർന്നു. ഗോവ നിയമസഭാ തെരെഞ്ഞെടുപ്പിനുള്ള മൂന്നാമത്തെ സ്ഥാനാർഥിപ്പട്ടിക തൃണമൂൽ കോൺഗ്രസ് പുറത്തിറക്കി. ഇതോടെ, ആകെ പ്രഖ്യാപിച്ച സ്ഥാനാർഥികൾ 24 ആയി. കോൺഗ്രസ് മുൻ സംസ്ഥാന വക്താവ് രാഖി നായിക്, മുൻ കോൺഗ്രസ് നേതാവ് സൈഫുല്ല ഖാൻ എന്നിവർ തൃണമൂൽ പട്ടികയിലുണ്ട്.