രാജ്യത്തെ പ്രമുഖ ആഭ്യന്തര വിമാനക്കമ്പനിയായ ഗോ ഫസ്റ്റ് അഥവാ ഗോ എയർ മേയ് മൂന്ന്, നാല്, അഞ്ച് തീയതികളിലെ എല്ലാ സർവീസുകളും റദ്ദാക്കി. അടച്ചുപൂട്ടല്‍ ഭീഷണിക്കിടെ പാപ്പര്‍ അപേക്ഷയുമായി കമ്പനി ദേശീയ നിയമ ട്രിബ്യൂണലിനെ സമീപിച്ചതിനു പിന്നാലെയാണ് വിമാനങ്ങള്‍ റദ്ദാക്കിയത്.വിമാനത്തിന്റെ എൻജിൻ ലഭ്യമാക്കുന്നതിൽ അമേരിക്കൻ കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ ഇന്റർനാഷണൽ എയ്‌റോ എൻജിൻ വീഴ്ചവരുത്തിയതാണ് വിമാനക്കമ്പനിയെ വലിയ പ്രതിസന്ധിയിലാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 61 വിമാനങ്ങളുള്ള കമ്പനിയുടെ 28 വിമാനങ്ങൾ പറക്കല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതിൽ 25 എണ്ണവും എൻജിനില്ലാത്തതുകൊണ്ടാണ്.
2019 ഡിസംബറിൽ പ്രാറ്റ് ആൻഡ് വിറ്റ്നി നൽകിയ എൻജിനുകളിൽ ഏഴ് ശതമാനം തകരാറിലായി. 2020 ഡിസംബറില്‍ ഇത് 31 ശതമാനമായും 2022 ഡിസംബറിൽ 50 ശതമാനമായും ഉയര്‍ന്നു. പുതിയ എൻജിൻ സമയബന്ധിതമായി ലഭ്യമാക്കാമെന്ന ഉറപ്പുകളും ലംഘിക്കപ്പെട്ടു. ഇത് കമ്പനിയുടെ പണലഭ്യതയെ ബാധിക്കുകയായിരുന്നു. അടുത്ത മൂന്നുനാലു മാസങ്ങളിൽ കൂടുതൽ എൻജിനുകൾ തകരാറിലാകാനുള്ള സാധ്യത നിലനിൽക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ സാഹചര്യത്തിൽ കമ്പനി പൂട്ടൽഭീഷണിയിലാണെന്നും എത്രയുംവേഗം ആർബിട്രേഷൻ വിധി പ്രകാരം എൻജിനുകൾ ലഭ്യമാക്കുന്നതിന് നിർദേശിക്കണമെന്നും കാണിച്ച് അമേരിക്കയിലെ ഡെലാവേർ ഫെഡറൽ കോടതിയിൽ ഗോ ഫസ്റ്റ് കേസ് ഫയൽ ചെയ്തിട്ടുണ്ട്.
അതേസമയം മേയ് മൂന്ന്, നാല്, അഞ്ച് തീയതികളിലെ എല്ലാ സർവീസുകളും കമ്പനി റദ്ദാക്കി. ടിക്കറ്റ് ബുക്ക് ചെയ്തവരുടെ മുഴുവൻ പണവും തിരികെ നൽകുമെന്ന് കമ്പനി അറിയിച്ചു. ഉപഭോക്താക്കൾ പണം അടച്ച രീതിയിൽ തന്നെ പണം തിരികെ നൽകും. കമ്പനി വെബ്‍സൈറ്റിൽ നിന്നും ആപ്പുകളിലൂടെയും ടിക്കറ്റെടുത്തവര്‍ക്ക് അതാത് അക്കൗണ്ടുകളിലേക്ക് പണം മടക്കിനല്‍കും എന്നും തങ്ങളാൽ കഴിയുന്ന എല്ലാ സഹകരണവും നൽകാൻ തയ്യാറാണെന്നും കമ്പനി വ്യക്തമാക്കി. നിലവിലെ പ്രതിസന്ധിയിൽ ടിക്കറ്റ് തുക തിരികെ നൽകാൻ മാത്രമേ സാധിക്കൂ എന്നും ടിക്കറ്റ് മാറ്റി നിശ്ചയിക്കാനാവില്ല എന്നും കമ്പനി വ്യക്തമാക്കയതായാണ് റിപ്പോര്‍ട്ടുകള്‍.