ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർണാടക സന്ദർശനത്തോടനുബന്ധിച്ച് ട്വിറ്ററിൽ ട്രെൻഡിങ്ങായി ‘ഗോ ബാക്ക് മോദി’. രാജ്യത്തെ ജനാധിപത്യം തകർക്കുന്നുവെന്നും യുവാക്കളുടെ ഭാവി അപകടത്തിലാക്കുന്നുവെന്നുമൊക്കെ ചൂണ്ടിക്കാട്ടിയാണ് ‘ഗോ ബാക്ക് മോദി’ ഹാഷ്ടാഗ് ട്രെൻഡിങ്ങാവുന്നത്. ‘സേവ് കർണാടക ഫ്രം മോദി’ എന്ന ഹാഷ്ടാഗിലും പോസ്റ്റുകളുണ്ട്.
വർഗീയ വിദ്വേഷങ്ങൾക്ക് ആക്കം കൂട്ടുന്ന സമീപനവും വിമർശനവിധേയമാകുന്നുണ്ട്. സൈന്യത്തിൽ കരാർ ജോലി ഏർപെടുത്തുന്ന അഗ്നിപഥ് പദ്ധിക്കെതിരെയുള്ള രോഷവും മോദിക്ക് ഗോബാക്ക് വിളിക്കുന്നതിന് പിന്നിലുണ്ട്. മോദിയുടെ വരവ് പ്രമാണിച്ച് ബംഗളൂരുവിൽ സ്കൂളുകൾക്കും കോളജുകൾക്കും അവധി നൽകിയതിനെതിരെ എൻ.എസ്.യു (ഐ) കർണാടക യൂനിറ്റ് പ്രതിഷേധവുമായി രംഗത്തെത്തി. വിദ്യാർഥികൾക്കു നേരെ താൻ ചെയ്ത അനീതികളെക്കുറിച്ച് ബോധ്യമുള്ളതിനാൽ പ്രധാനമന്ത്രിയുടെ ഉള്ളിലുള്ള ഭീരുത്വവും അരക്ഷിതത്വവുമാണ് ഇത് വെളിപ്പെടുത്തുന്നതെന്നും എൻ.എസ്.യു (ഐ) ചൂണ്ടിക്കാട്ടി.