മുംബൈ: മാന്ത്രവിദ്യയിലൂടെ പണം വർധിപ്പിക്കാമെന്ന് പറഞ്ഞ് 45 ലക്ഷം രൂപ തട്ടിയെടുത്ത ആൾദൈവവും കൂട്ടാളികളായ അഞ്ചുപേരും അറസ്റ്റിൽ. ദഹിസർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. നരബലി തടയൽ നിയമം, ദുർമന്ത്രവാദ നിരോധന നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
75കാരനിൽ നിന്നാണ് പ്രതികൾ ഇത്രയധികം പണം തട്ടിയെടുത്തത്. പരാതിക്കാരൻ സെൻട്രൽ മുംബൈയിൽ പുതിയ വീടിനായി അന്വേിക്കുന്നതിനിടെയാണ് പ്രതികളായ പ്രിയ സോണി, അജിത് പാട്ടീൽ എന്നിവരുമായി പരിചയപ്പെടുന്നത്. ഇരുവരും അയാളുമായി സൗഹൃദം സ്ഥാപിക്കുകയും സുഹൃത്തായ ഗണേഷ് പവാറിനെ പരിചയപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇയാളെ ഇവർ പവാറിന്റെ സത്താറയിലെ വസതിയിലേക്ക് കൊണ്ടുപോയി.
അവിടെ വെച്ച് പരാതിക്കാരന് കൈലാഷ് നാഥ് എന്ന ആൾദൈവത്തെയും അദ്ദേഹത്തിന്റെ രണ്ട് സഹായികളെയും പരിചയപ്പെടുത്തി. മന്ത്രവാദത്തിലൂടെ പണം വർധിപ്പിക്കാമെന്ന് അവർ പരാതിക്കാരന് ഉറപ്പുനൽകി വയോധികനിൽ നിന്ന് 25 ലക്ഷം രൂപ പെട്ടിയിലടച്ച് വാങ്ങി. പണം വർധിക്കണമെങ്കിൽ മൂന്ന് ദിവസത്തേക്ക് തുറക്കരുതെന്നും നിർദ്ദേശിച്ചു. മൂന്ന് ദിവസത്തിന് ശേഷം പണം നഷ്ടപ്പെട്ടെന്ന് മനസ്സിലായി സമീപിച്ചപ്പോൾ ശാപമാണെന്നും രക്ഷക്കായി 20 ലക്ഷം രൂപ കൂടി നൽകണമെന്നും പ്രതി പറഞ്ഞു. ഇതും ഇയാൾ നൽകി.
എന്നാൽ പറഞ്ഞ ദിവസത്തിനുള്ളിൽ വാഗ്ദാനം ചെയ്തതുപോലെ വരുമാനം ലഭിക്കാതെ വന്നപ്പോൾ ഇയാൾ യൂട്യൂബറായ ദീപക് കടേക്കർ എന്നയാളെ സമീപിക്കുകയായിരുന്നു. യൂട്യൂബർ 18 ലക്ഷം പാട്ടീലിൽ നിന്ന് വാങ്ങിയെങ്കിലും വയോധികന് നൽകിയില്ല. വഞ്ചനാക്കുറ്റം ചുമത്തി സോണി, പാട്ടീൽ, നാഥ്, പവാർ, കടേക്കർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മധ്യപ്രദേശ് കേന്ദ്രീകരിച്ചാണ് ആൾദൈവം പ്രവർത്തിക്കുന്നതെന്നും പൊലീസ് പറഞ്ഞു.