അതിരപ്പിള്ളി: കാട്ടാനയ്ക്ക് പഴവും ജിലേബിയും കൊടുക്കാൻ പോയി വെട്ടിലായി തമിഴ്നാട് സ്വദേശി. വീഡിയോ കിട്ടിയ വഴിക്ക് തമിഴ്നാട് സ്വദേശി സൗഗതിനെ വനം വകുപ്പ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ പ്രതിയെ ചാലക്കുടി കോടതി 14 ദിവസം റിമാൻഡ് ചെയ്തു. അതിരപ്പിള്ളി – മലക്കപ്പാറ പാതയിലായിരുന്നു സംഭവം.
തമിഴ്നാട് സ്വദേശികളായ ഏഴ് അംഗ സംഘം ഇന്നലെയാണ് വാൽപ്പാറ വഴി അതിര്‍ത്തി കടന്ന് മലക്കപ്പാറയിലെത്തിയത്. തുടർന്ന് അതിരപ്പിള്ളിയിലേക്കുള്ള യാത്രയ്ക്കിടെ ആനക്കയം ആനത്താരിയിലാണ് ആനക്കൂട്ടത്തെ കണ്ടത്. തുടർന്ന് കാട്ടാനകൾക്ക് ലഡുവും പഴവും നൽകാൻ സൗഗത് പോവുകയായിരുന്നു. ആന ഓടിച്ചതിനെത്തുടർന്ന് തിരികെ ഓടി വണ്ടിയിൽ കയറി രക്ഷപെടുകയും ചെയ്തു.
എന്നാൽ സംഭവത്തിന്റെ വീഡിയോ ഷൂട്ട് ചെയ്ത മറ്റൊരു യാത്രികൻ വനം വകുപ്പിന് അയച്ചു കൊടുത്തു. പിന്നാലെ അതിരപ്പിള്ളിയിൽ വണ്ടി തടഞ്ഞ വനം വകുപ്പ് ഏഴംഗ സംഘത്തെ അറസ്റ്റ് ചെയ്തു. മസ്താൻ ട്രാൻസ്പോർട്ടിങ് കമ്പനി ഉടമ റാണി പേട്ട് സ്വദേശി സൗക്കത്ത് എം (43), തിരുവല്ലൂർ സ്വദേശികളായ സുരേഷ്, മണി കണ്ഠൻ, നീലകണ്ഠൻ, ടി പ്രകാശ്, വെല്ലൂർ സ്വദേശികളായ റഷീദ് ബാഷ എം, സ്വദേശി തിലകർ ബാഷ എം, എന്നിവരാണ് പിടിയിലായത്.
പ്രതികൾക്കെതിരെ കേരളാ വനം ആക്ട് 1961, വന്യജീവി സംരക്ഷണ നിയമം ഭേദഗതി ആക്ട് 2022, ഉൾപ്പടെ ജാമ്യം കിട്ടാത്ത വകുപ്പുകളാണ് ചുമത്തി കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇവരിൽ ഒന്നാം പ്രതിയെ ചാലക്കുടി ജ്യൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനവും കോടതി വിട്ടുകൊടുത്തില്ല.
സംഭവം നടന്നത് പ്രധാന എലിഫന്റ് കോറിഡോറിലാണ്. മലയാറ്റൂർ – ഇടമലയാർ വനത്തിൽ നിന്നും ആനകൾ വാഴച്ചാൽ വന്ന മേഖലയിൽ എത്തുകയും അവിടെ നിന്നും പറമ്പിക്കുളത്തേക്ക് പോകുന്ന എലഫന്റ് മൈഗ്രേഷൻ റൂട്ടാണിത്. മലക്കാറ – അതിരപ്പിള്ളി പാതയിൽ എറ്റവും കൂടുതൽ ആനകളെ കാണുന്ന ഭാഗം കൂടിയാണ് ഇത്.