അഹമ്മദാബാദ് : ഹാര്‍ദ്ദിക് പാണ്ഡ്യ ടീം വിട്ട് മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചുപോകുന്നത് സ്വന്തം ഇഷ്ടപ്രകാരമെന്ന് ഗുജറാത്ത് ടൈറ്റന്‍സ് ടീം ഡയറക്ടര്‍ വിക്രം സോളങ്കി. ടീമിന്റെ ആദ്യ ക്യാപ്റ്റനെന്ന നിലിയില്‍ ഹാര്‍ദ്ദിക് ആദ്യ രണ്ട് സീസണുകളിലും ടീമിന് നല്കിയ സംഭാവനകളില്‍ സംതൃപ്തിയുണ്ടെന്നും സോളങ്കി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഗുജറാത്തിന്റെ ആദ്യ ക്യാപ്റ്റനെന്ന നിലയില്‍ ഹാർദ്ദിക്കിന് കീഴില്‍ ടീമിന് കിരീടം നേടാനും മികച്ച പ്രകടനം പുറത്തെടുക്കാനും കഴിഞ്ഞു. ഇപ്പോള്‍ അദ്ദേഹം തന്റ ആദ്യ ക്ലബ്ബിലേക്ക് മടങ്ങാനുള്ള ആഗ്രഹം വ്യക്തമാക്കിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നു. അദ്ദേഹത്തിന് ഭാവിയില്‍ എല്ലാവിധ ആശംസകളും നേരുന്നു – സോളങ്കി പറഞ്ഞു.