കൊച്ചി : വ്യവസായിയും എമ്പുരാൻ സിനിമയുടെ സഹനിർമാതാവുമായ ഗോകുലം ഗോപാലൻ കൊച്ചിയിലെ ഇ.ഡി. ഓഫീസിലെത്തി. നോട്ടീസ് നൽകിയതു പ്രകാരമാണ് അദ്ദേഹം വീണ്ടും ഇ.ഡി.ക്ക് മുന്നിലെത്തിയത്. വിളിപ്പിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും തങ്ങൾ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇ.ഡി. ഒന്നരക്കോടി പിടിച്ചെടുത്തെന്നത് വെറുതേ പറയുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു. നേരത്തേ ഗോകുലം ഗ്രൂപ്പിന്റെ ചെന്നൈയിലെ ഓഫീസിൽ പരിശോധനകൾ നടന്നിരുന്നു. പിന്നാലെ ഗോകുലം ഗോപാലനെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണ് തിങ്കളാഴ്ച അദ്ദേഹം ഇ.ഡിക്കു മുന്നിൽ ഹാജരായിരിക്കുന്നത്. ഉച്ചയ്ക്ക് 12.40-നാണ് അദ്ദേഹം കൊച്ചിയിലെ ഇ.ഡി. ഓഫീസിലെത്തിയത്. സിനിമയെന്ന വ്യവസായത്തിൽ പ്രവർത്തിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും മറ്റു ക്രമക്കേടുകൾ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ കോടമ്പാക്കത്തെ പ്രധാന ഓഫീസിൽ നടന്ന ഇ.ഡി റെയ്ഡിൽ ഒന്നരക്കോടിയുടെ കറൻസി പിടിച്ചെടുത്തെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്ത.