കൊച്ചി: കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണവേട്ട. കൊച്ചി വിമാനത്താവളത്തിൽ നിന്ന് 44 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു. യാത്രക്കാരൻ ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1.185 കി.ഗ്രാം സ്വർണമാണ് പിടികൂടിയത്. ഗൾഫിൽ നിന്നെത്തിയ മലപ്പുറം സ്വദേശി മുനീർ ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് സ്വർണം കടത്ത് കേസിലെ പ്രതിയുടെ വീട് പരിശോധിക്കുന്നതിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വർണക്കടത്ത് സംഘം ആക്രമിച്ചു. കസ്റ്റംസ് സൂപ്രണ്ട് ദിനേശ് കുമാറിനെയും ഉദ്യോഗസ്ഥരെയുമാണ് സ്വർണക്കടത്ത് സംഘം ആക്രമിച്ചത്. വിമാനത്താവളം വഴി രാവിലെ സ്വർണം കടത്തിയ നെല്ലനാട് സ്വദേശി അസിമിന്റെ വീട് പരിശോധന നടത്തുന്നതിനിടെയാണ് ആക്രമണം.
ആക്രമണത്തില്‍ സൂപ്രണ്ട് കൃഷ്ണകുമാറിനും ഡ്രൈവർ അരുണിനും പരിക്കേറ്റു. പൊന്നാനി സംഘത്തിനായി കൊണ്ട് വന്ന സ്വർണം അസിം മറ്റൊരു സംഘത്തിന് നൽകി. അസിമിനെ പിന്തുടർന്ന് പൊന്നാനി സംഘം വീട്ടിലെത്തി. ഇതിനിടയിലാണ് കസ്റ്റംസിന് വിവരം ലഭിക്കുന്നത്. സ്വർണവുമായി വീട്ടിലെത്തിയ അസിം കസ്റ്റംസിന്‍റെ കസ്റ്റഡിയിലാണ്. അസിം ദുബൈയിൽ നിന്ന് സ്വർണം കടത്തിയെന്ന് കസ്റ്റംസ് പറയുന്നു.
കഴിഞ്ഞ ദിവസം, കരിപ്പൂരിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് സ്വർണക്കടത്ത് കേസ് പ്രതി രക്ഷപ്പെട്ടിരുന്നു. വിമാനത്താവള വിമാന ജീവനക്കാരെ ഉപയോഗിച്ച് സ്വർണം കടത്തിയ സംഘത്തിലെ പ്രധാനിയായായ കൊണ്ടോട്ടി സ്വദേശി റിയാസാണ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് കാറിൽ രക്ഷപ്പെട്ടത്. ആക്രമണത്തില് മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. വിമാന താവള ജീവനക്കാരെ ഉപയോഗിച്ച് 5 കിലോയോളം സ്വർണ്ണം കടത്തിയ കേസിലെ പ്രതിയാണ് റിയാസ്.