കൊച്ചി: കാൽപ്പാദങ്ങളോട് ചേർത്ത് ഒട്ടിച്ചു കൊണ്ടുവന്ന 78 ലക്ഷം രൂപയുടെ സ്വർണം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടി. ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ദിൽഷാദിൽ നിന്നാണ് സ്വർണം പിടികൂടിയത്. 1,762 ഗ്രാം സ്വർണമാണ് പേസ്റ്റ് രൂപത്തിലാക്കി കാൽപ്പാദത്തോട് ചേർത്ത് ഒട്ടിച്ചിരുന്നത്. വിമാനത്താവളത്തിലെ എയർ കസ്റ്റംസ് വിഭാഗമാണ് സ്വർണം പിടികൂടിയത്.
കഴിഞ്ഞ ദിവസം നെടുമ്പാശേരിയില്‍ സ്വര്‍ണ്ണ തോര്‍ത്തുകള്‍ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ദുബായില്‍ നിന്നെത്തിയ യാത്രക്കാരന്‍ തൃശ്ശൂര്‍ സ്വദേശി ഫഹദ് ആണ് സ്വര്‍ണം കടത്താൻ പുതിയ രീതി പ്രയോഗിച്ചത്. ദ്രാവക രൂപത്തിലുള്ള സ്വര്‍ണത്തില്‍ തോര്‍ത്തുകള്‍ മുക്കിയെടുത്ത ശേഷം പായ്ക്ക് ചെയ്താണ് ഇയാള്‍ കൊണ്ടുവന്നത്. കൈവശമുണ്ടായിരുന്ന ബാഗിലെ തോര്‍ത്തുകള്‍ക്ക് നനവ് ഉള്ളതായി കണ്ട് സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ കൂടുതല്‍ തോര്‍ത്തുകള്‍ കണ്ടെത്തി. ഇതോടെയാണ് സ്വര്‍ണക്കടത്തിനായി ഉപയോഗിച്ച പുതിയ മാര്‍ഗ്ഗത്തിന്‍റെ ചുരുളഴിഞ്ഞത്. സ്വര്‍ണത്തില്‍ മുക്കിയ അഞ്ച് തോര്‍ത്തുകളാണ് കസ്റ്റംസ് ഇയാളുടെ ബാഗില്‍ നിന്നും പിടിച്ചെടുത്തത്.