കോഴിക്കോട് : വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്ത് കേരളത്തിൽ വർധിക്കുകയാണ്. ദിവസേനെ കോടികൾ വിലവരുന്ന കിലോ കണക്കിന് സ്വർണ്ണമാണ് സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിൽ നിന്നായി പിടികൂടുന്നത്. സ്വർണ്ണക്കടത്ത് കൂടുതൽ സജീവമായ കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നും കോടികളുടെ സ്വർണ്ണവേട്ടയുണ്ടായി.
അനധികൃതമായി കടത്തിയ ഒരു കോടിയോളം രൂപയുടെ സ്വർണ്ണമാണ് കസ്റ്റംസ് പരിശോേധനയിൽ പിടിച്ചത്. ദുബായിൽ നിന്നും വന്ന മലപ്പുറം കൊളത്തൂർ സ്വദേശി മുഹമ്മദ് യാസിറാണ് സ്വർണ്ണം കടത്തിയത്. അടിവസ്ത്രത്തിനുള്ളിലും ഷൂവിന് അടിയിലുമായി ഒളിപ്പിച്ചാണ് ഇയാൾ സ്വർണ്ണം കടത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു. പ്രതിയെ കസ്റ്റംസ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണ്ണ മിശ്രിതം വസ്ത്രങ്ങള്‍ക്കുള്ളില്‍ തേച്ചുപിടിപ്പിച്ച് കൊണ്ടുവന്ന നാല് യാത്രക്കാരാണ് കരിപ്പൂരിൽ കസ്റ്റംസിന്റെ പിടിയിലായത്. ദേഹത്തും വസ്ത്രത്തിനുള്ളിലും സ്വർണ്ണ മിശ്രിതം ഒളിപ്പിക്കുന്നതിന് സമാനമായി, ഇലക്ട്രിക് ഉപകരണങ്ങള്‍ക്കുള്ളിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്തുന്നത് കൂടുകയാണ്. രണ്ടു ദിവസത്തിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കിലോയോളം സ്വര്‍ണ്ണമാണ് ഇത്തരത്തിൽ കസ്റ്റംസ് പിടിച്ചെടുത്തത്.
ജിദ്ദയില്‍ നിന്നും വന്ന പാലക്കാട് സ്വദേശി മുഹമ്മദ് കൊട്ടേക്കാട്ടില്‍ കൊണ്ടുവന്ന ഇലക്ട്രിക് കെറ്റിലിന് അസ്വാഭാവിക ഭാരം തോന്നിയതോടെയാണ് പരിശോധിച്ചത്. അടിഭാഗത്ത് വളയ രൂപത്തില്‍ സ്വര്‍ണ്ണം വെല്‍ഡ് ചെയ്ത് പിടിപ്പിച്ചതായി വിഗദ്ധമായ പരിശോധനയിൽ കണ്ടെത്തി. 494 ഗ്രാം സ്വര്‍ണ്ണമാണ് ഇത്തരത്തിൽ കടത്തിയത്.
ഇന്നലെ സമാനമായ രീതിയിൽ, മലപ്പുറം സ്വദേശി അബൂബക്കര്‍ സിദ്ദിഖ് എന്ന യാത്രക്കാരന്റെ പക്കൽ നിന്ന് സ്റ്റീമറാണ് പിടിച്ചത്. തൂക്ക കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ സംശയം ഉളവാക്കിയതോടെയാണ് വീണ്ടും പരിശോധിച്ചത്. കംപ്രസിനുള്ളില്‍ ഉരുക്കി ഒഴിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം കടത്തിയത്. അഞ്ഞൂറ് ഗ്രാം തൂക്കം വരുന്ന സ്വർണ്ണമാണ് ഇത്തരത്തിൽ പിടിച്ചത്.