കൊച്ചി> സ്വര്‍ണവില വീണ്ടും പുതിയ റെക്കോഡില്‍. പവന് ബുധനാഴ്ച 600 രൂപ വര്‍ധിച്ച് 51,280 രൂപയും ഗ്രാമിന് 75 രൂപ വര്‍ധിച്ച് 6410 രൂപയുമായി. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഒന്നിന് രേഖപ്പെടുത്തിയ 50,880 രൂപയാണ് മുമ്പുള്ള ഏറ്റവും ഉയര്‍ന്ന വില. പുതിയ വിലപ്രകാരം ഒരുപവന്‍ ആഭരണം വാങ്ങാന്‍ പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ഉള്‍പ്പെടെ കുറഞ്ഞത് 55,504 രൂപ വേണം.
ഈ വര്‍ഷം തുടക്കത്തില്‍ 46,840 രൂപയായിരുന്നു പവന്‍വില. ഇതുവരെ 4440 രൂപ വര്‍ധിച്ചു. കഴിഞ്ഞമാസം പവന് 4120 രൂപയാണ് കൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുതിക്കുന്നതാണ് കാരണം. അന്താരാഷ്ട്ര വില ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 2285 ഡോളറിലെത്തി. രണ്ടുമാസത്തിനുള്ളില്‍ 303 ഡോളറാണ് വര്‍ധിച്ചത്. അധികം വൈകാതെ പലിശനിരക്ക് കുറച്ചേക്കുമെന്ന യുഎസ് ഫെഡ് റിസര്‍വിന്റെ സൂചനയും വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും കൂടുതല്‍ സുരക്ഷിതമായ നിക്ഷേപം എന്നനിലയ്ക്ക് ആഗോള നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതും അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ത്തുന്നു.