തിരുവനന്തപുരം : സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് സ്വർണവില റെക്കോർഡിട്ടു. ഗ്രാമിന് 40 രൂപ വർധിച്ചാണ് സ്വർണവില 5890 എന്ന റെക്കോർഡിട്ടത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 47,120 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4875 രൂപയാണ്. ഇന്നത്തേതുകൂടി കൂട്ടി 14-ാം തവണയാണ് ഈ വർഷം സ്വർണവില റെക്കോർഡിലെത്തുന്നത്. ജനുവരി 24നാണ് ഈ വർഷം ആദ്യമായി സ്വർണവില റെക്കോർഡിട്ടത്. റെക്കോർഡിട്ട വിലകൾ പരിശോധിക്കുമ്പോൾ 825 രൂപ ഗ്രാമിനും, 6600 രൂപ പവനും വ്യത്യാസം വന്നിട്ടുണ്ട്. 2023 ജനുവരി ഒന്നാം തീയതി 5060 രൂപയായിരുന്നു ഒരു ഗ്രാം സ്വർണ്ണത്തിന് വില. 2023 ഡിസംബർ 28ന് സ്വർണവില 5890 രൂപയായി ഉയർന്നു. ഗ്രാമിന് 830 രൂപയുടെ വർധനവും, പവന് 6640 രൂപയുടെ വർധനവുമാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ ആറു വർഷത്തിനിടെ സ്വർണത്തിന് കാൽ ലക്ഷം രൂപയുടെ വിലവർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 118% വിലവർധന സംഭവിച്ചു. 2017 ജനുവരി 1ന് സ്വർണവില ഗ്രാമിന് 2645 രൂപയും, പവന് 21,160 രൂപയുമായിരുന്നു. 2023 ഡിസംബറിൽ 28ന് 5890 രൂപ ഗ്രാമിനും, പവന് 47,120 രൂപയുമാണ്. 3,245 രൂപ ഗ്രാമിനും, 25,960 രൂപ പവനും വില വർധിച്ചു. 2017 ജനുവരി ഒന്നിന് അന്താരാഷ്ട്ര സ്വർണ്ണവില 1150 യുഎസ് ഡോളറും, 2023 ഡിസംബർ 28ന് 2083 ഡോളറുമാണ് വില.