തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു. ഗ്രാമിന് 130 രൂപയും പവന് 1040 രൂപയുടെയും വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 5070 രൂപയായി. ഒരുപവൻ 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില 40560 രൂപയാണ്. 18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 110 രൂപ ഉയർന്നു. ഒരു പവൻ 18 കാരറ്റ് സ്വർണത്തിന് 880 രൂപയാണ് വർധിച്ചത്. 18 ക്യാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 4190 രൂപയാണ് വില.925 ഹോൾമാർക്ക് വെള്ളിക്ക് 100 രൂപയാണ് ഗ്രാമിന് വില. സാധാരണ വെള്ളിക്ക് 77 രൂപയായി വില വർധിച്ചു. രണ്ടു രൂപയാണ് ഗ്രാമിന് ഇന്ന് വർധിച്ചത്. അന്താരാഷ്ട്ര സ്വർണവില ഇന്നലെ ഔൺസിന് 2069 ഡോളറിലേക്ക് ഉയർന്നിരുന്നു. ഒന്നര വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. മുൻനിര സ്വർണ കയറ്റുമതി രാഷ്ട്രമായ റഷ്യയിൽനിന്നുള്ള ഇറക്കുമതി കുറയ്ക്കാൻ യൂറോപ്യൻ രാജ്യങ്ങൾ തീരുമാനിച്ചതാണ് ഇത്തരത്തിൽ സ്വർണവില ഉയരാൻ കാരണമായത്.
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഓഹരി വിപണിയിൽ നിന്ന് പിന്മാറുന്ന നിക്ഷേപകർ സുരക്ഷിത നിക്ഷേപമായി സ്വർണത്തെ കാണുന്നതും വില വർധിക്കാൻ കാരണമായിട്ടുണ്ട്.