തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് രേഖപ്പെടുത്തിയത് റെക്കോർഡ് വർധന. ഒറ്റ ദിവസം 1120 രൂപയാണ് ഒരു പവന്റെ വിലയിൽ വർധിച്ചത്. ഒരു ദിവസം ഒറ്റത്തവണയുണ്ടാകുന്ന ഏറ്റവും ഉയർന്ന വർധനവാണ് ഇന്നത്തേത്. ഇതോടെ പവന് 44320 രൂപയിലാണ് ഇന്ന് സ്വർണം വിപണനം ചെയ്യുന്നത്. ഗ്രാമിന് 5540 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 140 രൂപയാണ് ഇന്ന് വർധിച്ചത്. നേരത്തെ ഒരു ദിവസം 150 രൂപ വർധിച്ചിട്ടുണ്ടെങ്കിലും അത് രണ്ട് തവണയായാണ് വർധിച്ചത്. എന്നാൽ ഇന്ന് രാവിലെ സ്വർണ വില ഗ്രാമിന് 140 രൂപ വർധിച്ചത് ഒറ്റത്തവണയായതിനാലാണ് റെക്കോർഡ് വർധനവായി കണക്കാക്കുന്നതെന്ന് ജ്വല്ലറി ഉടമകൾ പ്രതികരിച്ചു.
ഇന്നലെ 5400 രൂപയിലായിരുന്നു ഒരു ഗ്രാം സ്വർണം വിപണനം ചെയ്തത്. പവന് 43200 രൂപയായിരുന്നു വില. ആഗോള വിപണിയിൽ യുദ്ധം സൃഷ്ടിച്ച മാറ്റമാണ് സ്വർണ വില ഉയരാൻ കാരണമായത്. ഓഹരി വിപണിയിൽ ചാഞ്ചാട്ടമുണ്ടാകുമ്പോഴെല്ലാം നിക്ഷേപകർ സുരക്ഷിത ഇടമായി സ്വർണത്തെ കാണുന്നതാണ് ഇത്തരത്തിൽ വില വർധിക്കാൻ കാരണമാകുന്നത്.
ഒക്ടോബർ ഒന്നിന് സ്വർണവില പവന് 42,680 രൂപയായിരുന്നു. ഒക്ടോബർ മൂന്നിന് പവന് 480 രൂപ കുറച്ച് 42080 രൂപയായി. പിന്നീട് ക്രമേണ വില വർധിച്ചു. ദിവസങ്ങൾ കൊണ്ട് 1100 രൂപയോളം വർധിച്ചു. ഈ മാസം സ്വർണത്തിന് കേരളത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വില കഴിഞ്ഞ ദിവസത്തെ 43200 രൂപയായിരുന്നു. എന്നാൽ ഇന്നത്തെ വില വർധനയോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലേക്ക് സ്വർണവില കുതിച്ചു.