മലപ്പുറം > റിയാദില്‍ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 54 ലക്ഷം രൂപയുടെ സ്വര്‍ണം പൊലീസ് പിടികൂടി. മലപ്പുറം നിലമ്പൂര്‍ സ്വദേശി റിയാസ് ബാബു(36) ആണ് 910.6 ഗ്രാം സ്വര്‍ണവുമായി വിമാനത്താവളത്തിനു പുറത്ത് വച്ച് പിടിയിലായത്.
910.6 ഗ്രാം 24 കാരറ്റ് സ്വര്‍ണം മിശ്രിത രൂപത്തില്‍ 3 കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് റിയാസ് റിയാദില്‍ നിന്നും ബുധനാഴ്ച 7.23ന് എയര്‍ ഇന്ത്യ എക്സ്പ്രസില്‍( IX 322) കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധനകള്‍ കഴിഞ്ഞ് 8.15ന് പുറത്തിറങ്ങിയ റിയാസ് ബാബുവിനെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ റിയാസ് കുറ്റം നിഷേധിച്ചു. തുടര്‍ന്ന് വിശദമായ വൈദ്യ പരിശോധനക്ക് വിധേയമാക്കി. മെഡിക്കല്‍ എക്സ് റേ പരിശോധനയിലാണ് വയറിനകത്ത് 3 കാപ്സ്യൂളുകള്‍ കണ്ടത്. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ എത്തിക്കും. തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും നല്‍കും.