തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് മുഖ്യന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന രാജ്യദ്രോഹ പ്രവർത്തനമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാജ്യദ്രോഹ കുറ്റംചെയ്ത മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും ചെന്നിത്തല പറഞ്ഞു. മോദിയെപ്പോലെ തനിക്കെതിരെ സംസാരിക്കുന്നവരെ നിശബ്‍ദരാക്കുകയാണ് പിണറായി വിജയനും ചെയ്യുന്നത്. ഗൂഢാലോചന കേസ് അന്വേഷിക്കാൻ ഇത്രയധികം ഉദ്യോഗസ്ഥരെ നിയോഗിച്ചത് അതിന് തെളിവാണെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, മന്ത്രിസ്ഥാനം ഒഴിഞ്ഞ സജി ചെറിയാൻ, എംഎൽഎ സ്ഥാനവും രാജി വെക്കണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇന്നും ആവര്‍ത്തിച്ചു. സജി ചെറിയാന്റെ പ്രസംഗത്തിൽ പാർട്ടിയുടെ നിലപാട് സിപിഎം വ്യക്തമാക്കണം. മുഖ്യമന്ത്രി പിണറായി വിജയനും നിലപാട് വിശദീകരിക്കണം. സജി ചെറിയാന്റെ രാജി ധാർമ്മികത ഉയർത്തിപ്പിടിച്ചല്ല. ഗുരതരമായ കുറ്റമാണെന്നും നിയമപരമായി രാജി വയ്ക്കാൻ ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിര വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയതിന് ഇ പി ജയരാജനെതിരെ കേസെടുക്കില്ലെന്ന നിലപാട് രണ്ട് നീതിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇക്കാര്യത്തിൽ നിയമപരമായ വഴി തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.