കൊച്ചി : ഇറച്ചി മുറിയ്ക്കുന്ന യന്ത്രത്തിനുളളിൽ വെച്ച് സ്വർണം കടത്തിയ സംഭവത്തിൽ പ്രതികൾക്കായി കസ്റ്റംസ് തെരച്ചിൽ തുടരുന്നു. തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനും ജില്ലാ ലീഗ് നേതാവുമായ എ.എ.ഇബ്രാഹിംകുട്ടിയുടെ മകൻ ഷാബിനാണ് കളളക്കടത്തിലെ
പ്രധാന പങ്കാളിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒളിവിൽ കഴിയുന്ന ഇയാളോട് ഇന്ന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ദുബായിൽ നിന്ന് സ്വർണം കയറ്റി അയച്ച സിനിമാ നിർമാതാവ് സിറാജുദ്ദീനെ രാജ്യത്തെത്തിക്കാനുളള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. അടിയന്തരമായി ഹാജരാകണമെന്ന് ഇയാളുടെ കൊച്ചിയിലെ വീട്ടിലും നോട്ടീസ് നൽകിയിട്ടുണ്ട്. പ്രതികളെ നേരിട്ട് ചോദ്യം ചെയ്താലേ മുമ്പ് നടത്തിയ കളളക്കടത്ത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരൂ.
അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സ്വർണക്കടത്ത് ആയുധമാക്കാൻ എൽഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. മുസ്ലീം ലീഗ് നേതാവായ നഗരസഭ വൈസ് ചെയർമാനെതിരെ ഉയർന്ന സ്വർണക്കടത്ത് ആരോപണം കത്തിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. എ.എ.ഇബ്രാഹിംകുട്ടിയുടെ രാജി ആവശ്യത്തിലുറച്ച് പ്രതിപക്ഷ കൗൺസിലർമാർ ഇന്നും പ്രതിഷേധം തുടരും.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഉറച്ച കോട്ട തിരിച്ചുപിടിക്കാൻ എൽഡിഎഫ് ആഞ്ഞുശ്രമിക്കുന്നതിനിടെയാണ് സ്വർണക്കടത്ത് വിഷയം വീണുകിട്ടിയത്. വൈസ് ചെയർമാനും ലീഗ് നേതാവുമായ എഎ ഇബ്രാഹിംകുട്ടിയെ കസ്റ്റംസ് ചോദ്യം ചെയ്തതോടെ ഭരണസമിതിക്കെതിരായ സമരം പ്രതിപക്ഷം കടുപ്പിച്ചു. നേരത്തെയുണ്ടായിരുന്ന അഴിമതി ആരോപണങ്ങളെ സ്വർണക്കടത്ത് കേസുമായി ചേർത്തുവെച്ചാണ് പ്രചാരണം. അതേ സമയം എഎ ഇബ്രാഹിംകുട്ടിയുടെ മകൻ ഷാബിൻ സജീവ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നെന്നാണ് ഭരണപക്ഷത്തിന്റെ ആരോപണം. ഇയാളുടെ പൂർവ കാല ഇടതുബന്ധം അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.
നഗരസഭയിലെ രണ്ടാം കക്ഷിയായ ലീഗിന്റെ പ്രധാന നേതാവാണ് എഎ ഇബ്രാഹിംകുട്ടി. ഇറച്ചിവെട്ട് യന്ത്രത്തിൽ സ്വർണം കടത്തിയ കേസ് അന്വേഷണത്തിൽ വൈസ് ചെയർമാന്റെ പങ്ക് വെളിപ്പെട്ടാൽ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനത് ക്ഷീണമാകും.