കൊച്ചി: കൊച്ചി തുറമുഖം വഴി സ്വർണ്ണം കടത്തിയ കേസിലെ പ്രതിയുടെ കരുതൽ തടങ്കൽ ഹൈക്കോടതി ശരിവച്ചു. 2021 ൽ റഫ്രിജറേറ്ററിൽ ഒളിപ്പിച്ച് 7.16 കോടി രൂപയുടെ സ്വർണ്ണക്കട്ടികൾ കടത്തിയ എറണാകുളം സ്വദേശി അബ്ദുൾ റൗഫിന്‍റെ കൊഫെപോസ കരുതൽ തടങ്കൽ ആണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരി വച്ചത്. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി ജി അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച കരുതൽ തടങ്കൽ ഉത്തരവ് ശരിവെച്ചത്.
ഡി ആർ ഐയാണ് തുറമുഖം വഴിയുള്ള സ്വർണ്ണക്കടത്ത് കണ്ടുപിടിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. വിദേശത്ത് ഒളിവിൽ കഴിഞ്ഞ അബ്ദുൾ റൗഫ് പിന്നീട് നേപ്പാൾ വഴി ഇന്ത്യയിലെത്തി ഒളിവിൽ കഴിയുകയായിരുന്നു. മാസങ്ങൾക്ക് ശേഷം കേരള പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. റൗഫ് ഉൾപ്പെട്ട സംഘം തുറമുഖം വഴി പല തവണ വൻതോതിൽ സ്വർണ്ണ കള്ളക്കടത്തു നടത്തിയതായി ഡിആർഐ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു.