കൊല്ലം: ജില്ലാ സിവിൽ സ്റ്റേഷനിൽ ചായവണ്ടി സൗകര്യമൊരുക്കി കൊല്ലം ജില്ലാ കളക്ടർ അഫ്സാന പർവീൺ. ഉദ്യോഗസ്ഥർക്ക് ഇരിക്കുന്നിടത്ത് ചായയും കടിയും എത്തിക്കുന്നതിന് ട്രോളി ഇറക്കി. ഇതിലൂടെ കാന്റീൻ ജീവനക്കാർക്ക് ചൂട് ചായയും പലഹാരങ്ങളുമായി സിവിൽ സ്റ്റേഷനിൽ ഉടനീളം യാത്ര ചെയ്യാനാവും. ഉദ്യോഗസ്ഥർ ചായ കുടിക്കാൻ പുറത്ത് പോകുന്നത് ഒഴിവാക്കാനും ഒപ്പം ക്യാന്റീനിലെ ചായയും പലഹാരങ്ങളും കൂടുതൽ വിറ്റഴിക്കാനും ഉപകരിക്കുന്നതാണ് ചായവണ്ടി പരിഷ്കാരം. ഇതിലൂടെ ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർധിപ്പിക്കാനാവുമെന്ന പ്രതീക്ഷയും കളക്ടർ പങ്കുവച്ചു.
സിവിൽ സ്റ്റേഷനിൽ തിരക്കേറിയ ജോലി സമയത്ത്, ചായ കുടിക്കാനായി വെയിലും മഴയും കൊള്ളേണ്ട സ്ഥിതി ഇനി ഉദ്യോഗസ്ഥർക്കുണ്ടാവില്ലെന്നാണ് ജില്ലാ സിവിൽ സ്റ്റേഷൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയത്. ഉദ്യോഗസ്ഥരുടെ തൊഴിൽ സമയനഷ്ടം ഒഴിവാക്കാമെന്നും ഗുണനിലവാരമുള്ള ചായയും ചെറുകടികളും ജീവനക്കാർക്കെല്ലാം ഉറപ്പാക്കാനാവുമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
പരിസ്ഥിതി സൗഹാർദ്ദമെന്ന ലക്ഷ്യത്തോടെ പേപ്പർ ഗ്ലാസ് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. പകരം സ്റ്റീൽ ഗ്ലാസിലാണ് ചായ വിതരണം ചെയ്യുന്നത്. തീർത്തും ഉദ്യോഗസ്ഥ സൗഹാർദ്ദ പദ്ധതിയെന്നാണ് ചായവണ്ടിയെ ജില്ലാ കളക്ടർ വിശേഷിപ്പിച്ചിരിക്കുന്നത്.